ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. എസ്‌ഐആറുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തെന്ന ആരോപണത്തെ തുടർന്നാണ് ഹർജി. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചില തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ, മാർഗനിർദേശങ്ങൾ, സോഫ്റ്റ്‌വെയർ മാറ്റങ്ങൾ എന്നിവയിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എസ്. ചോക്കലിംഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നു. എസ്‌ഐആർ നടപടികളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇസിഐനെറ്റ് സംവിധാനത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മൂലം നിയമപരമായി ലഭിച്ച അധികാരങ്ങൾ പൂർണമായി വിനിയോഗിക്കാൻ കഴിയുന്നില്ലെന്ന ആശങ്കയും കത്തിൽ ഉന്നയിക്കുന്നുണ്ട്.
ചില കേസുകളിൽ വിശദമായ വാദം കേൾക്കാതെ തന്നെ തീരുമാനമെടുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച രേഖകൾക്ക് പുറമെ മറ്റ് രേഖകളും പരിഗണിക്കാനും ഇ.ആർ.ഒമാർക്ക് അധികാരം നൽകണമെന്നാണ് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള മേഖലകൾ, ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ രേഖകളുടെ കാര്യത്തിൽ കൂടുതൽ ഇളവ് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്‌ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ കമ്മീഷനിലെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമാണെന്നും എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിയമാനുസൃതമായാണ് എടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീംകോടതിയിൽ എത്തിയിരുന്നു. ഈ വിഷയവും അടുത്ത തിങ്കളാഴ്ച പരിഗണിക്കാനാണ് മാറ്റിയിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരായ ഹർജിയും ഇതോടൊപ്പം പരിഗണിക്കുമോയെന്നത് കോടതി നടപടികളിലാണ് വ്യക്തമാകുക.




