ചെന്നൈ: നടൻ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ് രംഗത്തെത്തി. സൂര്യ നിലവിൽ രാഷ്ട്രീയത്തിലേക്ക് എത്തുന്നില്ലെന്നും അഗരം ഫൗണ്ടേഷന്റെ സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സംഘടന വ്യക്തമാക്കി.
ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബിന്റെ മുൻ അംഗമായ ആർ. വീരമണി നടത്തിയ പ്രസ്താവനയെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമായത്. “ദൈവത്തിന്റെ തീരുമാനപ്രകാരം ജനങ്ങളുടെ നേതാവ് വരുകയാണെങ്കിൽ അതിനെ തടയാൻ ആർക്കും കഴിയില്ല” എന്ന വീരമണിയുടെ വാക്കുകൾ ഉൾപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്.
എന്നാൽ, ഈ പ്രചാരണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ ഫാൻസ് ക്ലബ്, വീരമണിയുടെ അഭിപ്രായം സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി. സൂര്യയുടെ ശ്രദ്ധ രാഷ്ട്രീയത്തിലല്ലെന്നും അഗരം ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസവും സാമൂഹിക സേവന പ്രവർത്തനങ്ങളും വിപുലപ്പെടുത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു.






