ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവരെ ആക്രമിച്ച കേസിൽ ഷീജയുടെ സഹോദരനായ ഷാജി (52) യെയാണ് കായംകുളം പൊലീസ് പിടികൂടിയത്.
ഇരുകുടുംബങ്ങളും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഷാജി കരിയില രാജേന്ദ്രന്റെ പുരയിടത്തിൽ കൊണ്ടിട്ടത് ഷീജ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത്.
പിന്നാലെ അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷീജയെ വയറിന്റെ ഇടത് ഭാഗത്ത് കുത്തി. ഗുരുതരമായി പരിക്കേറ്റ ഷീജയുടെ കുടൽ പുറത്തുവന്നതായി പൊലീസ് അറിയിച്ചു. തടയാൻ ശ്രമിച്ച രാജേന്ദ്രനും ആക്രമണത്തിൽ പരിക്കേറ്റു.
പരിക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കണ്ടൽക്കാടുകൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.




