സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണ രൂപത്തിൽ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദം കൊഴുക്കുന്നു. ഗാനം ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചെന്ന തരത്തിലാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക്ഭവൻ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ സങ്കീർണമായി. ഈ വിഷയത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്. ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിർദേശിച്ചതെന്നു പറഞ്ഞായിരുന്നു സർക്കാർ നേരത്തെ പ്രതിരോധിച്ചിരുന്നത്. ഇതോടെ ഏത് നിലപാട് എടുക്കും എന്ന കാര്യത്തിൽ യുഡിഎഫ് സർക്കാരും ഘടകകക്ഷിയായ മുസ്ലിം ലീഗും പ്രതിരോധത്തിലായിരിക്കുകയാണ്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതമായ വന്ദേമാതരം മുഴുവനായി പാടണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഈ മാസം 6ന് സർക്കുലർ പുറത്തിറക്കിയെന്ന വാർത്തയിലൂടെയായിരുന്നു വിവാദം തുടങ്ങിയത്. ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾക്ക് ഉത്തരവിൽ വിയോജിപ്പ് ഉണ്ടെന്നും വാർത്തകൾ വന്നു. യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് എൽഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.
ഇനി അങ്ങനെ ലോക്ഭവൻ നിർദേശിച്ചിട്ടുണ്ടെങ്കിൽ പോലും രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാരെന്ന് സിപിഎം നേതാവ് പി രാജീവ് ചോദിച്ചു. രാജ്ഭവൻ അത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ല. ജനാധിപത്യത്തിൽ തെരഞ്ഞെടുത്ത സർക്കാരിനാണ് പ്രധാന്യം. ഭരണഘടനാപരമായി ദേശീയ ഗീതത്തിന് അനുമതി ഇല്ല. അതിനാൽ ഇത് ഗവർണറുടെ മറവിൽ യുഡിഎഫ് സർക്കാരിന്റെ തീരുമാനമാണെന്നും പുതിയ ഗവൺമെന്റ് വന്നതിനുശേഷം കാവിവൽക്കരണം ത്വരിതപ്പെടുകയാണെന്നും പി രാജീവ് ആരോപിക്കുന്നു. വന്ദേമാതരം പൂർണമായി പാടണമെന്നത് RSS നയമാണെന്നും നിർദേശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവശ്യപ്പെട്ടിരുന്നു.
ചരിത്രപരമായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കുന്നതാണ് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് അനുയോജ്യമെന്ന നിലപാടാണ് വിമർശകർ ഉയർത്തുന്നത്. മുഴുവൻ വരികളും നിർബന്ധമാക്കുന്നത് ആർഎസ്എസ് അജണ്ട നടപ്പിലാക്കലാണെന്നും, രാജ്യത്ത് പൊതുവെ അംഗീകരിക്കപ്പെട്ട കീഴ്വഴക്കങ്ങൾക്ക് എതിരാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുമ്പും നിയമസഭാ സമ്മേളനങ്ങളിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിലും വന്ദേമാതരം പൂർണമായി ആലപിക്കുന്നത് സംബന്ധിച്ച് സമാന തർക്കങ്ങൾ ഉടലെടുത്തിരുന്നു.
വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ, ഗവർണറുടെ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നും ഇതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. അതോടെയാണ് സർക്കാരിനെ തള്ളി ലോക്ഭവൻ രംഗത്ത് വന്നത്. ലോക്ഭവന്റെ വിശദീകരണം വന്നതോടെ സർക്കാർ വീണ്ടും വെട്ടിലായിരിക്കുകയാണ്. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. സർക്കാർ പുറത്തിറക്കിയ സർക്കുലർ ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാർ പ്രതികരിച്ചത്. ചീഫ് സെക്രട്ടറി സർക്കുലറായി നൽകുന്നത് കേന്ദ്ര നിർദേശമാണെന്നാണ് മന്ത്രി കെ മുരളീധരൻ ആരോപിക്കുന്നത്.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസം കഴിഞ്ഞാണ് സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്. വിവാദ സർക്കുലർ ചൂണ്ടിക്കാട്ടി, സർക്കാർ ബിജെപിക്ക് പൂർണമായും കീഴ്പ്പെട്ടതായി സിപിഎം ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാർട്ടിയുടെ തുടർന്നുള്ള പ്രതികരണങ്ങൾ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി പറയുന്നുണ്ടെങ്കിലും ഗവർണറുടേതെന്ന പേരിൽ ആദ്യം വന്ന സർക്കുലർ അപ്പോൾ ആരുടേതാണെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ നിൽക്കുകയാണ്.
എന്നാൽ ഇപ്പോൾ നടക്കുന്ന ഈ വിവാദങ്ങളിൽ യുഡിഎഫ് അനുകൂല സംഘടനകൾ തീർത്തും അസംതൃപ്തരാണ്. സിപിഎം ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ, സംഘപരിവാർ അജണ്ടകളെ ചെറുക്കുന്നതിൽ മതിയയായ ജാഗ്രത പുലർത്തുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. വഖഫ് ബോർഡ്, പിഎം ശ്രീ വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ യുഡിഎഫിന്റെ ബിജെപി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതായി വിമർശനമുണ്ട്.
വന്ദേമാതരം, സവർക്കർ വിഷയങ്ങളിൽ വിവിധ സംഘടനകൾ പുറപ്പെടുവിച്ച പ്രസ്താവനകളിൽ ഈ നിരാശ വ്യക്തമാണ്. രാജ്യസ്‌നേഹം തെളിയിക്കാൻ ഒരു പൗരൻ തന്റെ മതവിശ്വാസം ഉപേക്ഷിക്കേണ്ടതില്ലെന്ന് വിസ്ഡം ഇസ്ലാമിക് മിഷൻ പ്രസ്താവിച്ചു. മതേതരത്വത്തിന്മേലുള്ള കടന്നുകയറ്റമായതിനാൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ പിൻവലിക്കാൻ സർക്കാരിനോട് വിസ്ഡം ജനറൽ സെക്രട്ടറി ടികെ അഷറഫ് ആവശ്യപ്പെട്ടു.
എന്നാൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിർദേശം തദ്ദേശ സ്ഥാപനങ്ങൾക്കുള്ളതാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഇത് മറികടക്കാൻ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കഴിഞ്ഞേക്കില്ലെന്നാണ് വിവരം. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിച്ചില്ലെങ്കിലും, തദ്ദേശ സ്ഥാപനങ്ങളിലെ പതാക ഉയർത്തൽ ചടങ്ങിൽ ഉൾപ്പെടെ മുഴുവൻ ഖണ്ഡികയും ആലപിക്കേണ്ടി വന്നേക്കും.
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ ലീഗ്, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്‌കെഎസ്എസ്എഫ്), കേരള നദ്വത്തുൽ മുജാഹിദീൻ-മാർക്കസുദ്ദഅവ എന്നിവരും സമാന പ്രസ്താവനകളുമായി രംഗത്തെത്തി. യുഡിഎഫിന്റെ ‘സംഘപരിവാർ അനുകൂല നിലപാടിനെ’ വിമർശിക്കുന്നതിൽ യുഡിഎഫ് അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടുതൽ കടുത്ത ഭാഷയാണ് ഉപയോഗിച്ചത്.
അതേസമയം വന്ദേമാതരം ആലപിക്കുന്ന കാര്യത്തിൽ രാജ്യത്തെങ്ങും ഇത്തരത്തിൽ അസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളും നിലനിൽക്കുന്നുണ്ട്. വന്ദേമാതരം ആലപിക്കുന്നത് കൂടുതൽ കർശനമാക്കുന്ന കേന്ദ്ര സർക്കുലർ ഇറങ്ങിയതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓഗസ്റ്റ് 9 മുതൽ 17 വരെയുള്ള ‘ഹർ ഘർ തിരംഗ’ പരിപാടികളിൽ വന്ദേമാതരം മുഴുവനായി പാടണമെന്നായിരുന്നു സർക്കുലർ.
സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും പിന്നെ ദേശീയ ഗാനവും എന്ന ക്രമത്തിൽ ആലപിക്കണമെന്നായിരുന്നു പുതിയ മാർഗനിർദേശം. ആദ്യം സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്. സംസ്ഥാന ഗീതം ഇല്ലാത്തതിനാൽ വന്ദേമാതരം ആയിരിക്കും കേരളത്തിൽ ആദ്യം ചൊല്ലേണ്ടത്.
വന്ദേമാതരത്തിൽ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്ന നിർദേശമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്റുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോൾ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്ന നിർദേശവുമുണ്ട്.
ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ അവർക്ക് കീഴിലുള്ള കേന്ദ്രങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൽ നൽകണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കേണ്ടത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്.




