ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് വ്യവസായ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ദില്ലി, ഗുരുഗ്രാം, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നടപടി. സഞ്ജീവ് അറോറയുടെ ഛണ്ഡീഗഡിലെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വ്യാജ വാങ്ങൽ ബില്ലുകൾ ഉപയോഗിച്ച് നികുതി ഇളവുകളും ജിഎസ്ടി തിരിച്ചടവും കയറ്റുമതി ആനുകൂല്യങ്ങളും അനധികൃതമായി നേടിയെന്നാണ് കേന്ദ്ര ഏജൻസിയുടെ ആരോപണം. 62 കാരനായ സഞ്ജീവ് അറോറ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിയുടെ അറസ്റ്റ്.
അതേസമയം, നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്നാണ് പാർട്ടിയുടെ വിമർശനം.
മുമ്പ് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗമായിരുന്ന അശോക് കുമാർ മിത്തലും സമാനമായ പരിശോധന നേരിട്ടിരുന്നു. തുടർന്ന് മിത്തൽ ഉൾപ്പെടെ ഏഴ് രാജ്യസഭാംഗങ്ങൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതും വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.




