തൃശ്ശൂർ: കാഞ്ഞാണി വെങ്കിടങ്ങ് സ്വദേശിയായ പരാതിക്കാരിയുടെ 106 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ, വലപ്പാട് ചന്തപ്പടിയിൽ ‘ഗോൾഡൻ മണി ഫിൻസെർവ്വ്’ എന്ന സ്ഥാപനം നടത്തിയിരുന്ന. മതിലകം കൂളിമുട്ടം എമ്മാട് സ്വദേശിയായ തൈക്കാട്ടിൽ വീട്ടിൽ സന്ദീപ് (42) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പരാതിക്കാരി 23.05.2023, 30.05.2023 എന്നീ തീയതികളിലായി പ്രതിയുടെ സ്ഥാപനത്തിൽ ആകെ 136 ഗ്രാം സ്വർണ്ണം പണയം വെച്ചിരുന്നു. ഈ സമയം, പ്രതിയുടെ സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫായി ജോലി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയിൽ നിന്ന് ഫോട്ടോയും ഐ.ഡി. കാർഡും പ്രതി കൈക്കലാക്കി. ഈ രേഖകൾ ദുരുപയോഗം ചെയ്ത് പരാതിക്കാരി അറിയാതെ കുഴിക്കാട്ടുശ്ശേരിയിലുള്ള മറ്റൊരു ബാങ്കിൽ അവരുടെ പേരിൽ വ്യാജമായി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും, പരാതിക്കാരി പണയം വെച്ച 136 ഗ്രാം സ്വർണ്ണം ഈ ബാങ്കിൽ വീണ്ടും പണയം വെയ്ക്കുകയുമായിരുന്നു.
കുഴിക്കാട്ടുശ്ശേരിയിലുള്ള ബാങ്കിൽ നിന്ന് ചെക്ക് ബുക്കും സ്വർണം പണയം വെച്ചതിന്റെ നോട്ടീസും ലഭിച്ചപ്പോഴാണ് തന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയതും സ്വർണം പണയം വെച്ചതും പരാതിക്കാരി അറിയുന്നത്. തുടർന്ന് ബാങ്കിൽ പോയി അന്വേഷിച്ചപ്പോൾ പരാതിക്കാരിക്ക് 30 ഗ്രാം സ്വർണം മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിയുള്ള 106 ഗ്രാം സ്വർണ്ണം പ്രതി തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്.
ആളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. കെ.ടി. ബെന്നി, ജി.എസ്.ഐ. ജെയ്സൺ, സി.പി.ഒ. വൈശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










