തൃശ്ശൂർ: തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ വളവനങ്ങാടിയിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയുടെ പിടികിട്ടാപ്പുള്ളി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.കൈപ്പമംഗലം വില്ലേജ് കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ അബ്ദുൾ സലാം (27) എന്നയാളെയാണ് പോലീസ് പിടികൂടിയത്.
2016 സെപ്റ്റംബർ 9-ന് അരിപ്പാലം സ്വദേശിയിൽ നിന്ന് കല്യാണ ആവശ്യത്തിനാണെന്ന് പറഞ്ഞ് രണ്ട് ദിവസത്തിനകം തിരികെ നൽകാമെന്നു വിശ്വസിപ്പിച്ച് കാർയും ഇരുപതിനായിരം രൂപയും വാങ്ങിയ ശേഷം, കാർ അപകടത്തിൽപ്പെടുത്തി ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും, കാർയും പണവും തിരികെ നൽകാതെയും തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലാണ് ഇയാൾ പ്രതിയായത്. ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരെ കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വളവനങ്ങാടിയിൽ നിന്ന് ഇയാളെ പിടികൂടാൻ പോലീസിന് സാധിച്ചത്.കാട്ടൂർ, വലപ്പാട്, വാടാനപ്പള്ളി, കൈപ്പമംഗലം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി ആറ് തട്ടിപ്പുകേസുകളിൽ കൂടി അബ്ദുൾ സലാം പ്രതിയാണെന്ന് പോലീസ് അറിയിച്ചു.










