സുൽത്താൻബത്തേരി: യുവാവിനെ കത്തികൊണ്ട് കുത്തുകയും കമ്പിവടി കൊണ്ട് മർദിക്കുകയും ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തൻകുന്ന് പാലപ്പട്ടി വീട്ടിൽ പി. എം. സംജാദിനെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.
കാപ്പ കേസിലെ പ്രതിയായ സംജാദിനെതിരെ ബത്തേരി, അമ്പലവയൽ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ആക്രമണം, പരിക്കേൽപ്പിക്കൽ, ആയുധ നിയമലംഘനം എന്നിവയുൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളുണ്ട്. കൂടാതെ കുറിച്യാട് ഫോറസ്റ്റ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 നാണ് ബീനാച്ചി സ്വദേശിയെ സംജാദ് കൊലപ്പെടുത്താൻ ശ്രമിച്ചത്. റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു മര്‍ദനത്തിന് കാരണം. പരിക്കേറ്റ ബീനാച്ചി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.






