ഹൈദരാബാദ്: ഹൈദരാബാദിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. എറഗദ്ദയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലാണ് ഭക്ഷ്യവിഷബാധയെന്ന് സംശയം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കിരൺ (30) എന്ന രോഗി തിങ്കളാഴ്ച മരിച്ചു. 70 പേർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമാണെന്നാണ് വിവരം. 68 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ ആശുപത്രിയിലെ മാനസിക വെല്ലുവിളി നേരിടുന്ന രോഗികൾക്കാണ് തിങ്കളാഴ്ച രാവിലെ മുതൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗികളുടെ ആരോഗ്യനില സംബന്ധിച്ച നിരീക്ഷണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.






