തിരുവനന്തപുരം: ശബരിമലയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉള്ളതിനാലാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. തന്റെ അഭാവത്തില്‍ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിന്‍ അറിയിച്ചു.
അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരായ ബിജെപി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും ‘ജനങ്ങളെ വിഡ്ഢികളാക്കാനുള്ള’ കുതന്ത്രത്തിന്റെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. അയ്യപ്പഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണം. സ്റ്റാലിനും മകന്‍ ഉദയനിധിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ. ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയില്‍ പങ്കെടുക്കാനും ശ്രമിച്ചാല്‍, ബിജെപിയുടെ ഓരോ പ്രവര്‍ത്തകനും ഇതിനെതിരെ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.




