മലപ്പുറം: എടരിക്കോട് ദേശീയപാതയിൽ ഉണ്ടായ ദാരുണ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. ഇളയരാജയും സരസ്വതിയും ആണ് മരിച്ചത്. ഗുഡ്സ് ഓട്ടോ, സ്വകാര്യ ബസ്, ലോറി എന്നിവ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഡിവൈഡറിന് സമീപം യു-ടേൺ എടുക്കുന്നതിനായി വേഗത കുറച്ച ഗുഡ്സ് ഓട്ടോയുടെ പിന്നാലെ എത്തിയ സ്വകാര്യ ബസ് ഇടിച്ചതാണ് അപകടത്തിന് തുടക്കമായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുപോയ ഗുഡ്സ് ഓട്ടോയിലേക്ക് എതിര്‍വശത്ത് നിന്നെത്തിയ ലോറി ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് ദമ്പതികളുടെ മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ പരിക്കേറ്റ ഗുഡ്സ് ഓട്ടോ ഡ്രൈവർ പോക്കാട്ട് മജീദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ദമ്പതികൾ പ്രദേശങ്ങളിലായി ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിവരുന്നവരായിരുന്നു. ശേഖരിച്ച സാധനങ്ങളുമായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.




