ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. വിജയ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമാകുമെന്ന് താൻ മുൻപ് പറഞ്ഞതാണെന്നും ഇപ്പോഴത്തെ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴുപ്പുറം വിക്രവാണ്ടിയിൽ നടന്ന വിജയുടെ ആദ്യ രാഷ്ട്രീയ റാലിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം ഉണ്ടായത് ശ്രദ്ധേയമാണെന്നും ഇത് വിജയിന്റെ ജനപിന്തുണ കാണിക്കുന്നതാണെന്നും ടാഗോർ പറഞ്ഞു.
എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് ജനവിശ്വാസം കുറഞ്ഞതും, പാർട്ടിയുടെ തകർച്ചയും വിജയിന്റെ പാർട്ടിക്ക് ഗുണകരമാകുമെന്ന് അദ്ദേഹം വിലയിരുത്തി. പ്രതിപക്ഷ വോട്ടുകൾ ഒരുമിപ്പിക്കാൻ വിജയിന് കഴിഞ്ഞാൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്നും ടാഗോർ കൂട്ടിച്ചേർത്തു.
ഡിഎംകെ സഖ്യത്തിൽ തുടരുന്ന കോൺഗ്രസിന് ഭാവിയിൽ കൂടുതൽ പ്രാധാന്യം ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടാകാമെന്നും, വിജയുടെ വരവ് പുതിയ സഖ്യ സാധ്യതകൾക്കും വഴിയൊരുക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.




