മലപ്പുറം: മക്കരപ്പറമ്പിൽ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ഒൻപതാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു. പരിക്കേറ്റ കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹബാസ് ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വെള്ളിയാഴ്ച പള്ളിയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ ആക്രമിച്ചതെന്നാണ് ഷഹബാസിന്റെ മൊഴി. “എന്തിനാണ് തല്ലിയത് എന്ന് അറിയില്ല. സുഹൃത്തിനോടുള്ള എന്തോ പ്രശ്നമാണ് കാരണം,” എന്നാണ് വിദ്യാർത്ഥി പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഒൻപതും പത്തും ക്ലാസുകളിലെ ചില വിദ്യാർത്ഥികൾ തമ്മിൽ മുമ്പും തർക്കം നിലനിന്നിരുന്നുവെന്നാണ് സൂചന.
സംഭവത്തിൽ അഞ്ച് പേർക്ക് മർദനമേറ്റതായി മറ്റ് വിദ്യാർത്ഥികളും ആരോപിക്കുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദന വിവരം സ്കൂൾ അധികൃതർ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് ഷഹബാസിന്റെ അമ്മ ആരോപിച്ചു. “മകന് വയ്യെന്ന് പറഞ്ഞാണ് വിളിച്ചത്.
തല്ല് കിട്ടിയ കാര്യം പറയാതിരിക്കാൻ ശ്രമിച്ചു,” എന്നും അവർ പറഞ്ഞു. സംഭവത്തിൽ ഷഹബാസിന്റെ അമ്മ പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും ഉത്തരവാദികളെയും കണ്ടെത്താൻ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.






