ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് സുരക്ഷാസൈനികർക്ക് പരിക്കേറ്റു. സോണാൽ ഗ്രാമത്തിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ജയ്ഷ്-ഇ-മുഹമ്മദ് സംഘടനയിൽപ്പെട്ട മൂന്ന് വിദേശ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്ന നിഗമനത്തെ തുടർന്നാണ് സൈനിക നടപടി ആരംഭിച്ചത്.
ജമ്മു മേഖലയിൽ ജനുവരിയിൽ നടക്കുന്ന മൂന്നാമത്തെ ഭീകര ഏറ്റുമുട്ടലാണിത്. ‘ഓപ്പറേഷൻ ത്രാഷി-1’ എന്ന പേരിൽ സൈനിക നടപടി ഇന്നലെ ഉച്ചയോടെയാണ് ആരംഭിച്ചത്. കരസേന, സിആർപിഎഫ്, കശ്മീർ പൊലീസ് എന്നിവ ചേർന്നാണ് ഭീകരരെ നേരിടുന്നത്. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.










