തിരുവനന്തപുരം: ഡൽഹി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ച് ടിജി മോഹൻദാസ് നടത്തിയ വിവാദ വീഡിയോ നീക്കം ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് പൊലീസ് കത്ത് നൽകും. അറസ്റ്റ് നടപടികൾക്ക് പിന്നാലെ ഇന്ന് കത്ത് നൽകാനാണ് തീരുമാനം.
ടിജി മോഹൻദാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള നാല് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ഡൽഹി പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പരാമർശമാണ് ടിജി മോഹൻദാസ് നടത്തിയതെന്നാണ് പരാതി. ഇതിനെതിരെ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ്. തുടർന്ന് നിരവധി പേർ പരാതിയുമായി രംഗത്തെത്തി.
സൈബർ സെൽ ഓപ്പറേഷൻസ് ഐജിക്കായിരുന്നു അന്വേഷണ ചുമതല. എന്നാൽ കേസെടുക്കാൻ വൈകിയത് നേരത്തെ ചർച്ചയായിരുന്നു. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വാനത്തിന് കേസെടുത്തത്.




