കൊച്ചി: സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ബിജെപി. അവധി ദിവസം നോക്കി മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത് വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി കേരളത്തിന്റെ ഔദ്യോഗിക പേജിൽ ആരോപിച്ചു.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസിലാണ് ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽനിന്നും തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നും ബിജെപി ആരോപിച്ചു.
ടി ജി മോഹൻദാസ് നടത്തിയ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ലെന്ന് വ്യക്തമാക്കിയ ബിജെപി, എന്നാൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് മറ്റൊരു നിയമവുമാണോ യുഡിഎഫ് സർക്കാരിന്റെ നീതിയെന്നും ബിജെപി ചോദിച്ചു.
മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണെന്നും ബിജെപി ചൂണ്ടിക്കാട്ടി. മഴക്കെടുതിയും മണ്ണിടിച്ചിലും മൂലം ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി ആശ്വാസം നൽകേണ്ട ജനപ്രതിനിധികൾ രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ മാറിനിൽക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും പാർട്ടി വിമർശിച്ചു.
അതേസമയം, ‘വന്ദേമാതരം’, വി.ഡി. സവർക്കർ തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ മതവിഭജനം വളർത്താനുള്ള ശ്രമങ്ങളിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ബിജെപി ആവശ്യപ്പെട്ടു.




