കോട്ടയം: ജില്ലയിൽ തുമ്പികളുടെ വൈവിധ്യം മുൻവർഷങ്ങളിൽ കണ്ടുവരുന്നതിൽ നിന്നും കുറഞ്ഞു വരുന്നതായി മീനച്ചിൽ തുമ്പി പഠന സർവ്വേ റിപ്പോർട്ട്. ഇക്കുറി ഇവയുടെ എണ്ണം ഇരുപതിനാലു എണ്ണമായി ചുരുങ്ങി. ആകെ നാൽപതിനാലു ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളിൽ പഠനസംഘങ്ങൾക്ക് കണ്ടെത്താനായത്.
അക്കൂട്ടത്തിൽ ഇരുപതു സൂചിതുമ്പികളേയും കണ്ടെത്തി. മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഒഴികെ ചങ്ങാതിതുമ്പികളെ എല്ലായിടത്തും ധാരാളമായി കാണാനായി. സ്വാമി തുമ്പി, നാട്ടുപൂത്താലി, മകുടിവാലൻ തുമ്പി എന്നിവയെ മീനച്ചിലാറിന്റെ തീരങ്ങളിലുടനീളം കാണപ്പെട്ടു. ജില്ലയിൽ സാധാരണമല്ലാത്ത മഞ്ഞ കറുപ്പൻ മുളവാലൻ, ചെറുവെണ്ണീറൻ എന്നീ തുമ്പികളെ കിടങ്ങൂർ, ഇല്ലിക്കൽ തുടങ്ങിയ ഇടങ്ങളിൽ കണ്ടെത്തി.
മീനച്ചിലാറിന്റെ തുടക്കഭാഗത്ത് ശുദ്ധജലസൂചകങ്ങളായ കരിംചെമ്പൻ അരുവിയൻ, നീർമാണിക്യൻ എന്നീ തുമ്പികളെയും കണ്ടെത്തി. കേരള വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും ചേർന്ന് നടത്തിയ പത്താമത് മീനച്ചിൽ തുമ്പി സർവ്വേയിലാണ് ഈ കണ്ടെത്തൽ. കോട്ടയം മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം, മാർമല വെള്ളച്ചാട്ടം മുതൽ പടിഞ്ഞാറ് പഴുക്കാനിലക്കായൽ വരെയായിരുന്നു സർവ്വേ നടത്തിയത്.




