കെനിയ ബസ് അപകടത്തിൽ മരിച്ച തൃശൂർ വെങ്കിടങ്ങ് സ്വദേശികളായ ജസ്നയുടെയും മകൾ റൂഹി മെഹ്റിൻ്റെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൂവാറ്റുപ്പുഴയിലെ ജസ്നയുടെ വീട്ടിലേക്കാവും മൃതദേഹങ്ങൾ എത്തിക്കുക. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.
ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന ഹനീഫയും കുടുംബവും നിരവധി വർഷങ്ങളായി ഖത്തറിൽ ആയിരുന്നു സ്ഥിരതാമസം. ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് ഖത്തറിൽ നിന്നും കെനിയയിലേക്ക് നടത്തിയ വിനോദയാത്രക്കിടെയാണ് ബസ് അപകടം ഉണ്ടായത്. ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്.
പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ, മകൾ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ച മറ്റു മലയാളികൾ. റിയയുടെ ഭർത്താവ് ജോയലിനും മകൻ ട്രാവസിനും അപകടത്തിൽ പരിക്കേറ്റിരുന്നു. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കെനിയയിലെ ലോകകേരള സഭ മുന്‍ അംഗങ്ങളായ ജി.പി. രാജ്മോഹന്‍, സജിത് ശങ്കര്‍ എന്നിവരും കേരള അസോസിയേഷന് ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.






