ഗുവാഹത്തി: ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യം നൽകി കോടതി. ഭർത്താവ് രാജ രഘുവംശിയെയാണ് കൊലപ്പെടുത്തിയത്. കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്കാണ് ഷില്ലോങ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ 10 മാസമായി ജയിലിൽ കഴിയുകയായിരുന്നു സോനം. മൂന്ന് തവണ ജാമ്യം നിഷേധിച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2025 മേയിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലേക്ക് ഹണിമൂൺ യാത്ര പോയപ്പോഴാണ് കൊലപാതകം നടത്തിയത്. പിന്നാലെ രാജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജൂൺ 2ന് ഒരു വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള കൊക്കയിൽനിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായതും ഭാര്യയെ അറസ്റ്റ് ചെയ്തതും.




