കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും മാണി സി. കാപ്പനും ജോസ് കെ. മാണിയും മത്സരിക്കും. ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി രംഗത്തെത്തുന്നതോടെ മണ്ഡലത്തിൽ ത്രികോണ മത്സരം ഉറപ്പാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും മൂന്ന് പേരും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്.
മൂന്ന് തവണ കെ.എം. മാണിയോട് പരാജയപ്പെട്ട എൻസിപി സ്ഥാനാർത്ഥിയായ മാണി സി. കാപ്പൻ എംഎൽഎയായി. കേരള കോൺഗ്രസ് എൽഡിഎഫിൽ ചേർന്നതോടെ, സിറ്റിങ് എംഎൽഎയായ മാണി സി. കാപ്പനെ മാറ്റി ജോസ് കെ. മാണിയെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി രംഗത്തിറക്കി. ഇതിൽ പ്രതിഷേധിച്ച് എൻസിപി വിട്ട കാപ്പനെ യുഡിഎഫ് പിന്തുണയോടെ മത്സരിപ്പിച്ചു.
സംസ്ഥാനത്താകെ ഇടതുപക്ഷ തരംഗം വീശിയിട്ടും ജോസ് കെ. മാണി 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാണി സി. കാപ്പനോട് പരാജയപ്പെട്ടു. ഈ തോൽവി ജോസ് കെ. മാണിയുടെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ വലിയ തിരിച്ചടിയായി.
ഇക്കുറി പാലാ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ. മാണി വീണ്ടും മത്സരത്തിനൊരുങ്ങുന്നത്. രാജ്യസഭാ അംഗമായി ലഭിച്ച ഫണ്ടിന്റെ വലിയൊരു പങ്ക് പാലാ മണ്ഡലത്തിൽ ചെലവഴിച്ചതും മുഴുവൻ സമയവും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നതും അദ്ദേഹത്തിന്റെ ശക്തിയായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ തവണത്തേക്കാൾ സിപിഎമ്മിനും ജോസ് കെ. മാണിയോട് കൂടുതൽ താത്പര്യമുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലയ്ക്ക് മന്ത്രി എന്ന വാഗ്ദാനം ഉയർത്തിയാണ് മാണി സി. കാപ്പന്റെ പ്രചരണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ കാപ്പന് ആത്മവിശ്വാസം നൽകുന്നുണ്ട്. ഒരു മാസം മുൻപേ തന്നെ പ്രചാരണം ആരംഭിച്ച അദ്ദേഹം മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലാ. ഷോൺ ജോർജ് മത്സരത്തിലിറങ്ങുന്നതോടെ പാലയിലെ രാഷ്ട്രീയ പോരാട്ടം കൂടുതൽ ആവേശകരമാകുമെന്നാണ് വിലയിരുത്തൽ.






