കോട്ടയം: ഒൻപത് മാസമായി ആർടിഒ ഇല്ലാതെ പ്രതിസന്ധിയിലായ കോട്ടയം ആർടിഒ ഓഫീസിൽ അടിയന്തരമായി പുതിയ ഓഫീസറെ നിയമിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2025 മെയ് 31-ന് ആർടിഒ ആയിരുന്ന അജിത് കുമാർ കൊല്ലത്തേക്ക് സ്ഥലം മാറിപ്പോയതിനുശേഷം ഓഫീസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.
ജോയിന്റ് ആർടിഒയ്ക്ക് സാങ്കേതിക യോഗ്യതയില്ലാത്തതിനാൽ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനടക്കം വൻ പ്രതിസന്ധിയാണ് ഉടമകൾ നേരിടുന്നത്. നിലവിൽ പത്തനംതിട്ട ആർടിഒ ആഴ്ചയിലൊരിക്കൽ എത്തിയാണ് അടിയന്തര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ഒരു വർഷമായി ആർടിഎ ബോർഡ് യോഗം ചേരാത്തത് ബസ് സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സുകളുടെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാത്തതിനാൽ തൊഴിലാളികൾ തമ്മിലുള്ള സംഘർഷം നിത്യസംഭവമായി മാറുകയാണ്. ജില്ലാ-താലൂക്ക് വികസന സമിതികളിൽ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വിഷയം എത്തിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപായി ഓഫീസറെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എ.സി. സത്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. റോണി ജോസഫ്, ആൽവിൻ ജോസഫ്, ജോസഫ് ജേക്കബ്, ജോൺ മാത്യു, കെ.ജെ. ജോസഫ്, സാജു മൈക്കിൾ, സേവ്യർ ജോസഫ്, ചാക്കോച്ചൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.




