പോക്കറ്റിൽ പണം വെച്ച് പട്ടിണി കിടക്കുന്ന പോലെയാണ് കേരളത്തിന്റെ അവസ്ഥ. അതായത്, നമ്മുടെ തീരങ്ങളിൽ പ്രകൃതി കനിഞ്ഞ് നൽതിയ കരിമണൽ എന്നത് ശതകോടികള്‍ വിലമതിക്കുന്ന ഒന്നാണ്. കേരളത്തിന്റെ സാമ്പത്തിക ഭാഗധേയത്തെ തന്നെ നിര്‍ണയിക്കുന്ന, വലിയൊരു നിധികുംഭത്തിനു മുകളിലാണ് നാമിരിക്കുന്നത്. ഘടകധാതുക്കളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെത്തിയ കരിമണലാണ് കേരളത്തിലെ തീരപ്രദേശങ്ങളിലുള്ളത്.
ആറ്റമിക് മിനറല്‍സ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ പ്രകാരം തെക്കന്‍കേരളത്തിലെ കരിമണല്‍ നിക്ഷേപത്തില്‍ പ്രധാനം ഇല്‍മനൈറ്റാണ്. അത് കഴിഞ്ഞാല്‍ സിലിമിനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍, ലുക്കോക്‌സിന്‍, മോണോസൈറ്റ്, ഗാര്‍നൈറ്റ് തുടങ്ങിയവ. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. പെയിന്റ്, പേപ്പര്‍, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബ്ബര്‍, കളിമണ്‍ എന്നീ വ്യവസായങ്ങളില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കുന്നു. ഉപഗ്രഹപേടകങ്ങള്‍, അന്തര്‍വാഹിനി, വിമാനം, മിസൈല്‍, പേസ്‌മേക്കര്‍, ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇതുപയോഗിക്കുന്നു.
വെല്‍ഡിങ് ഇലക്ട്രോഡ് ഉണ്ടാക്കാന്‍ റൂട്ടൈല്‍ ഉപയോഗിക്കുന്നു. സാനിറ്ററി വസ്തുക്കള്‍, ടൈല്‍, കളിമണ്‍പാത്രങ്ങള്‍ എന്നിവയുണ്ടാക്കാന്‍ സിര്‍ക്കോണ്‍ ഉപയോഗിക്കുന്നുണ്ട്. ലോഹങ്ങള്‍ മുറിക്കാനും മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങള്‍, ഡീസല്‍ എന്‍ജിന്‍, ഇന്‍സുലേഷന്‍ സാധനങ്ങള്‍, സീലുകള്‍, പമ്പിന്റെ സ്‌പെയര്‍പാര്‍ട്ടുകള്‍ എന്നിവയുണ്ടാക്കാനും ഇത് വേണം. റെയര്‍ എര്‍ത്ത് ക്ലോറൈഡ്, റെയര്‍ എര്‍ത്ത് ഓക്‌സൈഡുകള്‍, സീറിയം ഓക്ക്‌സൈഡ്, ടൈ സോഡിയം ഫോസ്ഫറേറ്റ്, തോറിയം ഓക്ക്‌സൈഡ് എന്നിവ വേര്‍തിരിക്കാനാണ് മോണോസൈറ്റ് ഉപയോഗിക്കുന്നത്. ടൈല്‍, പോളിഷിങ് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ഗാര്‍നൈറ്റും ഉപയോഗിക്കുന്നു. അലുമിനീയം ഉത്പാദനത്തിന് പറ്റിയ അയിരാണ് സിലിമിനൈറ്റ്. ഇതിന്റെ എല്ലാം അടിസ്ഥാനം ഈ കരിമണലാണ്. എന്തിന് ആണവസാങ്കേതികവിദ്യയില്‍ വരെ കരിമണല്‍ ഉപയോഗപ്പെടും. എന്നിട്ടും നമ്മുടെ നാടിന് ഇതൊന്നും ഉപയോഗിക്കാൻ പറ്റുന്നില്ലേ എന്ന ചോദ്യം മനസിൽ വരുന്നുണ്ടോ? ഇനിയാണ് കഥ…
അറബികള്‍ക്ക് പെട്രോള്‍ പോലെയാണ് കേരളത്തിന് കരിമണല്‍. കേരളത്തില്‍ പ്രധാനമായും കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങളിലാണ് ലോകോത്തര നിലവാരത്തിലുള്ള കരിമണല്‍ നിക്ഷേപമുള്ളതും ഖനനം നടക്കുന്നതും. ചവറ, ആലപ്പാട്, തോട്ടപ്പള്ളി എന്നിവിടങ്ങളിലാണ് പ്രധാനമായും ഖനനം നടക്കുന്നത്. നിലവിലെ നിയമപ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇന്ത്യയില്‍ കരിമണല്‍ ഖനനത്തിന് അനുമതിയുള്ളൂ. കേരളത്തില്‍ പ്രധാനമായും ഐ.ആര്‍.ഇ.എല്‍ സംസ്ഥാന സര്‍ക്കാരിന്റെ കെ.എം.എം.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് നേരിട്ട് ഖനനം നടത്തുന്നത്.
ഈ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് മണല്‍ വാങ്ങി ശുദ്ധീകരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കുന്ന കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സിംഎംആര്‍എല്‍ എന്ന കമ്പനിയുടെ എം ഡി ഡോ. എസ്.എന്‍. ശശിധരന്‍ കര്‍ത്ത എന്ന കരിമണല്‍ കര്‍ത്തയാണ് ഇതുകൊണ്ട് കോടീശ്വരനായത്. ‘കേരള കരിമണലിന്റെ കാലന്‍’ എന്നറിയപ്പെടുന്ന ശശിധരന്‍ കര്‍ത്ത ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കര്‍ത്തയില്‍ നിന്ന് മാസപ്പടി വാങ്ങിയ കേസിന്റെ ഭാഗമായി മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെയും, മുന്‍ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരിക്കയാണ്. അതായത്, എല്ലാത്തിന്റേയും തുടക്കം കർത്തയിൽ നിന്നാണ്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പുല്ലുവഴി സ്വദേശിയാണ് ശശിധരന്‍ കര്‍ത്ത. പ്രവാസിയായി സൗദിയിൽ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ച് സാമ്പത്തിക അടിത്തറയുണ്ടാക്കി. തുടര്‍ന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് 1989-ല്‍ കേരളത്തിലേക്ക് മടങ്ങിയെത്തി. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി യുമായി സഹകരിച്ചാണ് കരിമണലില്‍ നിന്ന് സിന്തറ്റിക് റൂട്ടൈല്‍ ഉത്പാദിപ്പിക്കുന്നതിനായി 1989-ല്‍ അദ്ദേഹം കെഎംആര്‍എല്‍ സ്ഥാപിക്കുന്നത്. അവിടുന്ന് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു കോടീശ്വരനിലേക്കുള്ള മാറ്റം.
കരിമണല്‍ ഖനനത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ വാർത്തയായപ്പോഴെല്ലാം ഇടത് വലത് ബിജെപി വ്യത്യാസമില്ലാതെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, വാരിക്കോരി സാമ്പത്തിക സഹായം നല്‍കി കര്‍ത്താ എല്ലാം ഒതുക്കി. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വരെ ഒരു വേള തനിക്കൊപ്പം നിർത്താൻ ഇയാൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നും പൊതുമേഖലക്കുവേണ്ടി നിലകൊണ്ട് വിഎസ് കരിമണല്‍ ഖനനത്തില്‍ മാത്രം സ്വകാര്യമേഖലക്കുവേണ്ടി വാദിച്ചതും അന്ന് ചർച്ചയായിരുന്നു. 2009-2010 കാലഘട്ടത്തിലാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശശിധരന്‍ കര്‍ത്തയുടെ പേര് രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മശ്രീക്കായി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തത്.
പിന്നീട് പ്രളയ ദൂരിതാശ്വാസത്തിന് കോടികള്‍ നല്‍കിയും കര്‍ത്ത വാർത്തകളിൽ വന്നു. 2018-ലെ മഹാപ്രളയത്തിന്റെ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് 2.58 കോടി രൂപയാണ് സംഭാവന നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്ത സാലറി ചലഞ്ച്, ഏറ്റെടുത്തുകൊണ്ടാണ് ഈ തുക കൈമാറിയത്. ആകെ നല്‍കിയ 2.58 കോടി രൂപയില്‍, 58 ലക്ഷം രൂപ കമ്പനിയിലെ ജീവനക്കാര്‍ അവരുടെ ഒരു മാസത്തെ ശമ്പളമായി സംഭാവന ചെയ്തതാണ്. ബാക്കി 2 കോടി രൂപ കമ്പനിയുടെ കോര്‍പ്പറേറ്റ് ഫണ്ടില്‍ നിന്ന് ശശിധരന്‍ കര്‍ത്താ അനുവദിക്കുകയായിരുന്നു.
കര്‍ത്തയ്ക്ക് തൃക്കുന്നപ്പുഴ വില്ലേജില്‍ 50 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ നിന്നും കരിമണല്‍ കടത്തുന്നതായി അന്നത്തെ എഡിജിപിയായ വിന്‍സെന്റ് പോള്‍ 2014 ല്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കരിമണല്‍ ഖനനം ലക്ഷ്യമിട്ടാണ് ആലപ്പുഴയുടെ തീരങ്ങളില്‍ സ്വകാര്യ ലോബി വന്‍തോതില്‍ ഭൂമി വാങ്ങികൂട്ടിയത്. വിവിധ സര്‍വേ നമ്പരുകളിലുള്ള ഭൂമിയാണ് കര്‍ത്ത വാങ്ങിക്കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 10,000 കോടിയുടെ കരിമണല്‍ കള്ളക്കടത്ത് തമിഴ്‌നാട്ടിലേക്ക് നടന്നതായാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം. നിരന്തര ഖനനം കാരണം ആലപ്പാട് ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്പോഴും ഇവര്‍ക്കെതിരെയൊന്നും നടപടിയുണ്ടാവുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നിട്ടും ഇതിനെതിരെയൊന്നും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. പണം എറിഞ്ഞ് തന്നെയാണ് ഇതെല്ലാം ഒതുക്കിയത്. അങ്ങനെയാണ് മാസപ്പടി ലിസ്റ്റ് പുറത്തായത്. അതില്‍ ചുരുക്കപ്പേരില്‍ ഇല്ലാത്ത ഒരൊറ്റ പ്രമുഖ നേതാവ് പോലും കേരളത്തിൽ ഇല്ലെന്ന സ്ഥിതിയാണ്. പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി ഇനത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണ്. അതാണ് ഇപ്പോള്‍ ഇ ഡി കേസില്‍ എത്തിയതും.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാ. കരിമണൽ കൊള്ളയടിക്കപ്പെടുകയാണ്. അതിന് പകരം, സ്വകാര്യമേഖലയെക്കൂടി പങ്കാളിയാക്കി, പരിസ്ഥിതി പ്രശ്നം പഠിച്ച് നിയന്ത്രിതമായ തോതില്‍ ഖനനം നടത്തിയാല്‍ നമുക്ക് വലിയ വരുമാനം ഉണ്ടാക്കാവുന്നതേയുള്ളൂ. പക്ഷേ നമ്മുടെ നാടാണ്, പണമെറിഞ്ഞാൽ എന്തും നടക്കുമെന്നിരിക്കെ ഇതെല്ലാം സ്വപ്നം മാത്രമാകും.






