കോഴിക്കോട്: പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടി കൗൺസിലിംഗിനായി എത്തിയ തൃശൂർ സ്വദേശിനിയായ 18കാരിക്കാണ് ദുരനുഭവം നേരിട്ടത്.
പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുള്ളയാളായിരുന്നു യഹിയ ഖാൻ. മാതാവിനൊപ്പമാണ് യുവതി പാലാഴിയിലെ കൗൺസിലിംഗ് കേന്ദ്രത്തിലെത്തിയത്. എന്നാൽ ചികിത്സയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കാറിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊണ്ട് അതിക്രമം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് വലിയ മാനസിക ആഘാതത്തിലായ പെൺകുട്ടി ഈ വർഷം ഫെബ്രുവരിയിലാണ് തൃശൂർ വനിതാ പൊലീസിൽ പരാതി നൽകിയത്.
സംഭവം നടന്നത് പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് അവിടേക്ക് കൈമാറി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






