പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃത്താലയിൽ സ്ഥാനാർഥികൾ തമ്മിലുള്ള പോര് മുറുകുന്നു. വിടി ബൽറാമിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു. വികസന സംവാദത്തിനാണ് എംബി രാജേഷിൻ്റെ വെല്ലുവിളി. ബൽറാം എംഎൽഎ ആയ 10 വർഷവും, താൻ എംഎൽഎ ആയ 5 വർഷവും താരതമ്യം ചെയ്യണമെന്നാണ് എംബി രാജേഷിൻ്റെ ആവശ്യം.
പ്രോഗ്രസ് റിപ്പോർട്ടുമായി വീടുകൾ കയറുമെന്നും ബൽറാം വെല്ലുവിളി ഏറ്റെടുക്കുമോ എന്നും എംബി രാജേഷ്. അതേസമയം, എംബി രാജേഷിനോട് സംവാദത്തിന് തയ്യാറെന്ന് വിടി ബൽറാം അറിയിച്ചു. രണ്ടും രണ്ട് സാഹചര്യങ്ങളാണ്. താൻ ഭരണപക്ഷ എംഎൽഎ ആയിരുന്നത് അഞ്ച് വർഷം മാത്രമാണ്. അഞ്ച് വർഷം പ്രതിപക്ഷ എംഎൽഎ ആയിരുന്നു. മാത്രമല്ല എംബി രാജേഷ് മന്ത്രി ആയിരുന്നു. എങ്കിലും സംവാദത്തിന് തയ്യാറാണെന്നും നേതാക്കളോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും വിടി ബൽറാം പ്രതികരിച്ചു.






