ഹരാരെ: ടി20 ഫോർമാറ്റിലെ ഇന്ത്യയുടെ ബാറ്റിങ് വിപ്ലവത്തിന് എതിരാളികളില്ല എന്ന് വീണ്ടും തെളിയുന്നു. ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ തവണ 200, 200 പ്ലസ് ടോട്ടലുകൾ ഉയർത്തുന്ന ടീമെന്ന സ്വന്തം റെക്കോർഡിനൊപ്പം വീണ്ടും എത്തി. 2024ൽ സ്ഥാപിച്ച നേട്ടത്തിനൊപ്പമാണ് ഇന്ത്യ ഇപ്പോൾ എത്തിയത്. ഈ വർഷം ഇനിയും മത്സരങ്ങൾ അവേശിക്കുന്നതിനാൽ റെക്കോർഡ് നേട്ടം തിരുത്താനുള്ള അവസരവും ഇന്ത്യക്കുണ്ട്.
സിംബാബ്വെക്കെതിരായ രണ്ടാം ടി20യിൽ 219 റൺസ് നേടിയാണ് ഇന്ത്യ വീണ്ടും 200ന് മുകളിലെത്തിയത്. 2026ൽ ഇത് 9-ാം തവണ. 2024ലും സമാന രീതിയിൽ 9 മത്സരങ്ങളിൽ 200 പ്ലസ് കൂറ്റൻ സ്കോർ ഇന്ത്യ ഉയർത്തിയിരുന്നു. ഐസിസിയിലെ ഫുൾ മെമ്പർ രാജ്യങ്ങളിലൊന്നിനും ഈ നേട്ടമില്ല എന്നതും ഇന്ത്യയുടെ ഈ ഫോർമാറ്റിലെ സർവാധിപത്യം കൂടിയാണ് നേട്ടം തെളിയിക്കുന്നത്.
ടി20 ചരിത്രത്തിൽ ഇതുവരെയായി ഇന്ത്യ 52 തവണയാണ് 200 കടന്നത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ്. അവർ പക്ഷേ 29 തവണ മാത്രമാണ് 200ന് മുകളിൽ അടിച്ചത്.











