ന്യൂഡൽഹി: വേശ്യാവൃത്തി നിരോധിക്കാനോ അതിനെ ക്രിമിനൽ കുറ്റമാക്കാനോ അല്ല 1956-ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് കൊണ്ടുവന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേശ്യാവൃത്തിയുടെ വാണിജ്യവത്കരണം തടയുക മാത്രമാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.
നിയമം കൊണ്ടുവന്നത് കുറ്റവാളികളെ ശിക്ഷിക്കുന്നതിനായാണെന്നും, വേശ്യാവൃത്തിയിൽ സ്വയം ഏർപ്പെടുന്നവരെ ശിക്ഷിക്കാനല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമത്തിലെ 7, 8 വകുപ്പുകൾ സംബന്ധിച്ചും കോടതി വ്യക്തത വരുത്തി. പൊതുസ്ഥലങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നതുമാണ് കുറ്റകരമെന്ന് കോടതി അറിയിച്ചു.
ഇതോടൊപ്പം, നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം “വേശ്യാലയം” എന്ന നിർവചനത്തിലും കോടതി വ്യക്തത നൽകി. ഒരു സ്ത്രീ സ്വന്തം ഉപജീവനത്തിനായി മറ്റാരുടെയും സഹായമില്ലാതെ വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന സ്ഥലം വേശ്യാലയമായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.






