തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന് വലിയ നേട്ടം. 500 എംബിബിഎസ് സീറ്റുകൾ കൂടി സംസ്ഥാനത്ത് അനുവദിച്ചു. ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയോടെയാണ് ആരോഗ്യ സർവകലാശാല സീറ്റുകൾ ഉയർത്തിയത്.
സീറ്റുകളുടെ വർധന ഏഴ് സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ് നടപ്പാക്കിയത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്യുടി മെഡിക്കൽ കോളേജ്, പി.കെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് അധിക സീറ്റുകൾ അനുവദിച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് 600ഓളം അധിക വിദ്യാർത്ഥികൾക്ക് കൂടി എംബിബിഎസ് പഠനത്തിന് അവസരം ലഭിക്കും. ആരോഗ്യ മേഖലയിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ ഒരുക്കാൻ സീറ്റുകൾ വർധിപ്പിക്കുന്ന തീരുമാനം സഹായകരമാകും എന്നാണ് വിലയിരുത്തൽ.










