കോട്ടയം: മദ്ധ്യകേരളത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയവും ആലപ്പുഴയും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച കോട്ടയം കച്ചേരിക്കടവ് പഴയ ബോട്ടുജെട്ടി ഇന്ന് ചരിത്രസ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്നും ആലപ്പുഴയിൽനിന്നും ഒട്ടേറെ യാത്രക്കാരും ബോട്ടുകളുമായി എപ്പോഴും സജീവമായിരുന്ന ഈ ജെട്ടിയിൽ ഇന്ന് പേരിനു പോലും ബോട്ടില്ല.
പഴമ വീണ്ടും പുതുവഴിയിൽ എത്തിക്കുന്നതിനുള്ള ശ്രമംകൂടി വീണ്ടും പരാജയപ്പെട്ട അവസ്ഥയിലാണ്. കോവിഡ് കാലത്തിനുമുൻപ് ഏകദേശം എട്ട് കോടി രൂപ ചെലവഴിച്ച് നവീകരണത്തിന് തുടക്കമിട്ടു. 2021-ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. തുടക്കത്തിൽ പ്രഭാത, സായാഹ്ന നടത്തത്തിനും വിശ്രമത്തിനും നഗരത്തിൽ മനോഹരമായ ഇടമാക്കുന്നതിനാണ് ശ്രമിച്ചത്. മെല്ലെ ബോട്ടുകൾ വരാനുള്ള ശ്രമം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു.
നഗരത്തിൽ ആയിരത്തിയഞ്ഞൂറ് മീറ്റർ ചുറ്റളവിലാണ് കച്ചേരിക്കടവ് വാട്ടർഹബ് സ്ഥിതിചെയ്യുന്നത്. ജലഗതാഗത വകുപ്പിന്‍റെ 336 സെൻറും സർക്കാരിന്‍റെ പതിനാല് സെൻറും ഏറ്റെടുത്താണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. എന്നാൽ ബോട്ടുജെട്ടി നവീകരിച്ചപ്പോൾ ആറ്റിൽ നിറഞ്ഞ പോള വാരിമാറ്റുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു.
ജെട്ടിയിൽ ഇപ്പോൾ മണ്ണും ചെളിയും അടിഞ്ഞ് ആഴം വളരെയേറെ കുറഞ്ഞ് ബോട്ടുകളോ വള്ളങ്ങളോ എത്താൻ പറ്റാത്തവിധമായി. അതോടെ വീണ്ടും ബോട്ടുകൾക്ക് വരാൻ പറ്റാത്തവിധമായി തന്നെ ജെട്ടി തുടർന്നു. ഇപ്പോൾ സർവ്വ നാശത്തിന്റെ വാക്കിലാണ് ഈ പഴയ ബോട്ട്ജെട്ടി.






