കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ഉമ്മൻചാണ്ടി വേർപിരിഞ്ഞിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇനി ഇതുപോലൊരു നേതാവ് രാഷ്ട്രീയ കേരളത്തിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. തന്റെ ഭരണകാലത്ത് എല്ലാ ജനങ്ങളും തന്റെ പ്രതിരൂപങ്ങളായി കണ്ടിരുന്ന ഒരു ജനനേതാവ്. ആൾക്കൂട്ടങ്ങളെ എപ്പോഴും ഇഷ്ടപ്പെടുന്ന, അതിൽ തെല്ലും അസ്വസ്ഥതകൾ കാട്ടിയിട്ടില്ലാത്ത ഉമ്മൻചാണ്ടിയെ ആൾക്കൂട്ടത്തിനിടയിൽ അല്ലാതെ തനിച്ച് കണ്ടിട്ടുള്ളവർ നന്നേ കുറവാണ്.
തന്റെ അവസാന നാളുകളിലും രോഗ ശയ്യയിൽ കിടക്കുമ്പോഴും നിമിഷപ്രിയയുടെ മോചനത്തിനടക്കം വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ നാം കണ്ടിട്ടുള്ളതാണ്. പരാജയമെന്തെന്നറിയാതെ കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ ഉമ്മൻചാണ്ടി തന്റെ നിയമസഭാ പ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെ പൂർത്തിയാക്കിയ നേതാവാണ്. ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ ആദ്യത്തെ എം.എൽ.എ എന്ന ബഹുമതിയും കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻചാണ്ടിക്ക് മാത്രമായിരുന്നു സ്വന്തം.
തുടർച്ചയായ 13 വിജയവും 52 വർഷത്തെ നിയമസഭാംഗത്വവും നിലനിറുത്തി പാലാ മണ്ഡലത്തിൽ റെക്കാഡിട്ട പരേതനായ കെ.എം മാണിയാണ് കേരളത്തിൽ മുൻപ് ഈ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു ജനപ്രതിനിധി. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവെന്നതായിരുന്നു മലയാളികളുടെ മനസിൽ ഉമ്മൻചാണ്ടിക്കുള്ള വേറിട്ട സ്ഥാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഇഷ്ടപ്പെടുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ വ്യക്തിത്വവും പ്രവർത്തനശൈലിയും. കാന്തികശക്തിയാലെന്ന പോലെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നായിരുന്നില്ല. ജനങ്ങളുടെ സങ്കടങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും, അവയ്‌ക്ക് തന്നാൽക്കഴിയും വിധം പരിഹാരം കാണാനും അദ്ദേഹം നടത്തിയ നിതാന്ത പ്രവർത്തനങ്ങളുടെ ഫലമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും ജനങ്ങളുമായി സംവദിക്കാൻ അധികാരത്തിന്റെ പ്രോട്ടോക്കോൾ ഉമ്മൻചാണ്ടിക്ക് തടസമായിട്ടില്ല.
ഏറ്റവും സാധാരണക്കാരനായ ഒരാൾക്കു പോലും അനായസേന സമീപിക്കാവുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങളുമായി അടുത്തിടപഴകുന്ന നേതാക്കൾ അന്യം നിന്നുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് അധികാരത്തിന്റെയോ പദവികളുടെയോ ആടയാഭരണങ്ങളില്ലാതെ, എടുത്തു കെട്ടിവച്ച ഭാവമില്ലാതെ ജനങ്ങളിലൊരാളായി അവർക്കൊപ്പം നിൽക്കാൻ ഉമ്മൻചാണ്ടിക്കു കഴിഞ്ഞിരുന്നു. അധികാരത്തിലിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കും പ്രയോജനകരമാകണമെന്ന് കരുതി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ജനനന്മയ്ക്കും സംസ്ഥാനത്തിന്റെ വികസനത്തിനും ആവണമെന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാട്.
കൊച്ചി മെട്രോയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ഒക്കെ പൂർത്തീകരിക്കപ്പെട്ടത് ഈ വികസന കാഴ്ചപ്പാടിൽ നിന്നു തന്നെയായിരുന്നു. 1970 ലാണ് പുതുപ്പള്ളിയിൽ ആദ്യമായി മത്സരിച്ചത്. കോൺഗ്രസിന് ഒട്ടും ജയസാദ്ധ്യതയില്ലെന്ന് കരുതിയ ആ മണ്ഡലത്തിൽ സിപിഎമ്മിലെ സിറ്റിങ് എംഎൽഎ ഇ.എം ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻചാണ്ടിയുടെ വിജയത്തുടക്കം. അന്ന് 27 ആയിരുന്നു ഉമ്മൻചാണ്ടിയുടെ പ്രായം. രണ്ടാമൂഴത്തിൽ കെ.കരുണാകരൻ മന്ത്രിസഭയിലെ തൊഴിൽ മന്ത്രിയായ ഉമ്മൻചാണ്ടി കേരളത്തിലെ തൊഴിൽ രഹിതരായ യുവതയ്ക്ക് തൊഴിലില്ലായ്മാ വേതനം ആദ്യമായി ഏർപ്പെടുത്തി. പിന്നീട് വിവിധ മന്ത്രിസഭകളിൽ പ്രവർത്തിച്ച അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കാക്കി നിക്കറിൽ നിന്ന് പാന്റ്സാക്കി പൊലീസ് യൂണിഫോമിൽ സമൂലമാറ്റം വരുത്തിയത്.
ധനകാര്യമന്ത്രിയായിരിക്കുമ്പോൾ ജനകീയ ധന മാനേജ്മെന്റ് എന്ന ആശയത്തിലൂന്നിയാണ് തന്റെ ഓരോ ബഡ്‌ജറ്റുകളും ഉമ്മൻചാണ്ടി അവതരിപ്പിച്ചത്. മന്ത്രിപദവി വഹിച്ചതു പോലെ അവ ഉപേക്ഷിക്കുന്നതിനും, മടിയില്ലാത്ത നേതാവായിരുന്നു അദ്ദേഹം. മന്ത്രിസഭയിൽച്ചേരാതെ മാറിനിന്ന സന്ദർഭങ്ങളുമുണ്ട്. എ.കെ ആന്റണി മുഖ്യമന്ത്രി പദവി രാജിവച്ചപ്പോഴാണ് 2004 ആഗസ്റ്റ് 31 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി ചുമതലയേറ്റത്. ഇരുപതുമാസത്തെ ആ ഭരണത്തിൽ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം ഉയർത്തി വികസനകാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു. അന്ന് തുടക്കമിടുകയും 2011 ൽ രണ്ടാംവട്ടം മുഖ്യമന്ത്രിയായി വന്നപ്പോൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത ജനസമ്പർക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യ പദ്ധതിയും ഉമ്മൻചാണ്ടി സർക്കാരിന്റെ സംഭാവനയാണ്. കേൾവിശക്തിയില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് കോക്ളിയർ ഇംപ്ളാന്റേഷൻ സൗജന്യമായി നടത്താൻ കൈക്കൊണ്ട ഒരൊറ്റ തീരുമാനം മതിയാകും ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ കർമ്മനിരത മനസ്സിലാക്കുവാൻ. ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്നിക്കാൻ ഒരു മടിയുമില്ലാത്ത നേതാവായിരുന്നു അദ്ദേഹം. ആ നേതൃമികവും നന്മയും തന്നെയാണ് ഇന്നും മായാതെ മറയാതെ ജന മനസ്സുകളിൽ ഉമ്മൻചാണ്ടി നിറഞ്ഞുനിൽക്കുന്നതിന്റെ അടിസ്ഥാന കാരണം.




