തിരുവനന്തപുരം: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കായംകുളത്ത് എം ലിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വച്ച് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എ ഇര്‍ഷാദ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
യു പ്രതിഭ എംഎല്‍എ പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് വലതുപക്ഷം വ്യക്തിഹത്യയിലേക്ക് നീങ്ങുന്നത്. ”അവള്‍ക്കൊപ്പം” എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേര്‍വിപരീത സമീപനം അവരുടെ കാപട്യമാണ്. ഇത് തുറന്നുകാട്ടപ്പെടണം. ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ് എന്നും മുഖ്യമന്ത്രി കുറിച്ചു.






