ടെഹ്റാൻ: യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാറിജാനിയുടെ മരണത്തിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നതനേതാവ് മുജ്തബ ഖമനേയി മുന്നറിയിപ്പ് നൽകി. ലാറിജാനിയുടെ രക്തത്തിന് ഉടൻ തന്നെ വില നൽകേണ്ടി വരുമെന്നായിരുന്നു മുജ്തബയുടെ പ്രസ്താവന. അതേസമയം, തങ്ങളുടെ യുദ്ധനടപടികൾ തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
ലാറിജാനിയുടെ വധം യുദ്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോയതായി വിലയിരുത്തപ്പെടുന്നു. ഉയർന്ന സ്ഥാനങ്ങളിലുള്ള ഇറാനിയൻ സുരക്ഷാ, രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഭാഗമായാണ് ഈ സംഭവം കണക്കാക്കുന്നത്. ഇറാന്റെ സുരക്ഷാ സംവിധാനത്തിലും രാഷ്ട്രീയ സംവിധാനത്തിലും പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു ലാറിജാനി.
മത നേതൃത്വത്തിനും സുരക്ഷാ സംവിധാനത്തിനും ഇടയിൽ ഒരു പ്രധാന കണ്ണിയായിരുന്ന അദ്ദേഹം, വ്യത്യസ്ത അധികാര കേന്ദ്രങ്ങൾക്കിടയിൽ പാലമായി പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഒരൊറ്റ വ്യക്തിയുടെ സാന്നിധ്യമോ അഭാവമോ ഇറാന്റെ രാഷ്ട്രീയ, സാമ്പത്തിക ഘടനയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിന് യുഎസിനെ കുറ്റപ്പെടുത്തുന്നുണ്ടെന്നും, മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്ക് യുഎസാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






