ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഉറുമി’. 2011 ലായിരുന്നു ചിത്രം റിലീസിനെത്തിയത്. ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് എക്കാലത്തും ലഭിച്ചിട്ടുള്ളത്. പ്രഭു ദേവ, ജെനീലിയ, നിത്യ മേനോൻ, ജഗതി, ആര്യ, വിദ്യ ബാലൻ തുടങ്ങീ തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ശങ്കർ രാമകൃഷ്ണൻ ആയിരുന്നു ചിത്രത്തിൻറെ തിരക്കഥ രചിച്ചത്. ഇപ്പോഴിതാ ഉറുമിക്ക് രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ. ഉറുമിയുടെ തുടർച്ചയായി രണ്ട് സിനിമകൾ മനസിലുണ്ടെന്നാണ് ശങ്കർ രാമകൃഷ്ണൻ പറയുന്നത്. അതിൽ ഒന്നിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും ശങ്കർ രാമകൃഷ്ണൻ പറയുന്നു.
“എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മള്‍ മറന്നുപോയ, മലയാളികള്‍ക്ക് അറിയാമായിരുന്ന ഒരു സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരുന്നതാണ്. അതിന്റെ പിന്തുടര്‍ച്ചയായി രണ്ട് സിനിമകള്‍ കൂടെ മനസിലുണ്ട്. അതിലൊന്നിന്റെ തിരക്കഥ ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. 12 വര്‍ഷമെടുത്തു എഴുതാന്‍, എഴുതിക്കഴിഞ്ഞു. ഇനി അഭ്രപാളിയിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിന്റെ പിന്നിലാണ്. ഉറുമിയ്ക്ക് ശേഷമുള്ള 100 വര്‍ഷത്തെ കേരളം ആണ് അതിന്റെ പശ്ചാത്തലം. അതിന്റെ പ്രൊഡക്ഷനും റിസര്‍ച്ചുമൊക്കെ നടക്കുകയാണ്. വടകരയാണ് ലൊക്കേഷന്‍. അതിനായി 25 ഏക്കറില്‍ ഒരു ലാന്റ്‌സ്‌കേപ്പ് ഒക്കെ കണ്ടുവച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയിട്ടുള്ള കാസ്റ്റിങ്, കോസ്റ്റ്യൂം ഡിസൈനിങ് തുടങ്ങിയ പ്രൊസസുകളിലാണ് ഇപ്പോള്‍.” സഭ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശങ്കർ രാമകൃഷ്ണന്റെ വെളിപ്പെടുത്തൽ.
സ്വന്തം പിതാവിനെ വധിച്ച വാസ്കോ ഡ ഗാമയോട് പ്രതികാരം ചെയ്യാൻ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറക്കൽ കേളു നായനാരുടെയും ചങ്ങാതി വവ്വാലിയുടെയും കഥയായിരുന്നു ഉറുമിയുടെ പ്രമേയം. രണ്ടാം ഭാഗം വരുമ്പോൾ എന്തൊക്കെയാണ് ഇനി മാറ്റങ്ങൾ വരാൻ പോകുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്






