കോട്ടയം : മുപ്പത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും കോട്ടയത്തിന്റെ രാഷ്ട്രീയ ഓർമ്മകളിൽ മായാത്ത ഒരു മുറിവാണ് 1991 മെയ് 15. ഒരു തിരഞ്ഞെടുപ്പ് ചൂടിനിടയിൽ അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നൽ ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ചാഴികാടന്റെ ജീവനെടുത്തപ്പോൾ, അത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തങ്ങളിലൊന്നായി മാറി.
ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലെ ഇടതുതരംഗത്തെത്തുടർന്ന് കാലാവധി തികയും മുൻപേ നിയമസഭ പിരിച്ചുവിട്ട ആവേശത്തിലായിരുന്നു അന്ന് രാഷ്ട്രീയ കേരളം. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല പാർലമെന്റിലേക്കും, കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന യുവനേതാവ് ബാബു ചാഴികാടൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലേക്കും മത്സരരംഗത്തുണ്ടായിരുന്നു. മെയ് 15-ന് ഉച്ചയ്ക്ക് മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് വസ്ത്രം മാറി പ്രചാരണത്തിന് ഇറങ്ങുമ്പോൾ ബാബു ചാഴികാടൻ ഏറെ സന്തോഷവാനായിരുന്നു.
“ബാബു ഇപ്പോൾ കൂടുതൽ സുന്ദരനായിരിക്കുന്നു” എന്ന രമേശ് ചെന്നിത്തലയുടെ തമാശയ്ക്ക് ചിരിച്ചുകൊണ്ട് മറുപടി നൽകിയ ബാബു, അത് തന്റെ അവസാന യാത്രയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
ആർപ്പൂക്കര പഞ്ചായത്തിലെ വാര്യമുട്ടം ഷാപ്പിന് സമീപം പ്രചാരണ ജാഥ എത്തിയപ്പോഴാണ് ആ ദുരന്തം സംഭവിക്കുന്നത്. തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു സ്ഥാനാർത്ഥികൾ. പെട്ടെന്ന് ആകാശത്തുനിന്ന് വൈദ്യുതി കമ്പിയിലൂടെ ഒരു തീഗോളം ജീപ്പിലേക്ക് പാഞ്ഞുവന്നു. മിന്നലേറ്റ ആഘാതത്തിൽ ബാബുവും രമേശും നെഞ്ചുപൊത്തി ഇരുന്നുപോയി.
കൊടുംമഴയത്ത്, തന്റെ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ രമേശ് ചെന്നിത്തല മഴവെള്ളം കൈക്കുമ്പിളിലെടുത്ത് ബാബുവിന്റെ വായയിൽ പകർന്നു നൽകിയെങ്കിലും വിധി മറ്റൊന്നായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെത്തുമ്പോഴേക്കും ബാബു ചാഴികാടൻ ഈ ലോകത്തോടും രാഷ്ട്രീയത്തോടും വിടപറഞ്ഞിരുന്നു.
ബാബുവിന്റെ മരണത്തെത്തുടർന്ന് ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. എന്നാൽ ദിവസങ്ങൾക്കപ്പുറം, മെയ് 21-ന് രാജ്യം മറ്റൊരു വലിയ ആഘാതത്തിന് സാക്ഷ്യം വഹിച്ചു. ശ്രീപെരുംപുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാജ്യം മുഴുവൻ സ്തംഭിച്ചു. ഒരു തിരഞ്ഞെടുപ്പ് കാലത്ത് കേരളം കണ്ട ഏറ്റവും വലിയ വ്യക്തിപരമായ നഷ്ടമായി ബാബു ചാഴികാടന്റെ ഓർമ്മകൾ ഇന്നും വാര്യമുട്ടത്തെ ആ പാടശേഖരങ്ങളിൽ തങ്ങിനിൽക്കുന്നു.






