പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്കി ഇന്ത്യ. പഹല്‍ഗാമിൽ കൊല്ലപ്പെട്ട 27 പേരുടെ കൂടപ്പിറപ്പുകളുടെ പ്രാർത്ഥനകളെ ഏറ്റെടുത്ത രാജ്യം അവർക്ക് നീതി സമ്മാനിക്കുകയായിരുന്നു. ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം ഇന്ത്യന്‍ സേന വെടിവെച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. തിരിച്ചടി നല്‍കിയതിന് പിന്നാലെ ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’..എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്.
തിരിച്ചടിക്കാന്‍ തയ്യാര്‍, ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടില്‍ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിട്ടുണ്ട്. കര, വ്യോമസേനകള്‍ സംയുക്തമായിട്ടായിരുന്നു ആക്രമണം നടത്തിയത്. ആക്രമണം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. അതായത് തിരിച്ചടി നൽകുമ്പോൾ, നമ്മെ നശിപ്പിക്കുവാൻ കരുതിയിരിക്കുന്ന രാഷ്ട്രത്തിന്റെ, സാധാരണ ജീവിതങ്ങളെ ഇന്ത്യ ഉപദ്രവിക്കുന്നില്ല എന്നത് വ്യക്തം. അത്രമേൽ മനുഷ്യത്വപരമായ ഇടപെടലുകളാണ് ഈ സമയത്തും രാജ്യം പിന്തുടരുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ ചിന്തിക്കുവാൻ കഴിയുന്ന ഏക രാജ്യം ഇന്ത്യ ആകും. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാനും സ്ഥിരീകരിക്കുന്നുണ്ട്.
ഓപ്പറേഷന് സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരന് മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്രികെയിലെ ലഷ്കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവല്‍പൂരിലും മുദ്രികെയിലുമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകര്‍ത്തത്. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. പാകിസ്ഥാൻ ഭീകരർക്ക് എതിരായ ആക്രമണത്തിന് ശേഷം ‘ഭാരത് മാതാ കീ ജയ്’ എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചത്.






