പാലക്കാട്:വടക്കഞ്ചേരി പള്ളിക്കാട് ഭാഗത്ത് നടീൽകഴിഞ്ഞ പാടത്ത് കൊറ്റികൾ കൂട്ടത്തോടെയിറങ്ങി ഞാറുകൾ ചവിട്ടിനശിപ്പിച്ചു. പള്ളിക്കാട് ജയപ്രകാശന്റെയും മാധവിയുടെയും ഒന്നരയേക്കറോളം കൃഷിയാണ് കൊറ്റി നശിപ്പിച്ചത്. മൂപ്പുകുറഞ്ഞ ജ്യോതിവിത്താണ് രണ്ടാംവിള കൃഷിക്കുപയോഗിച്ചത്. കനാൽവെള്ളം കിട്ടാത്തതിനാൽ നേരത്തേ കൊയ്യുന്നതിനാണ് ജ്യോതിവിത്ത് തിരഞ്ഞെടുത്തത്. വീണ്ടും നടുന്നതിനായി സമീപത്തെ കർഷകരിൽനിന്ന് ഞാറുകിട്ടിയെങ്കിലും മൂപ്പുകൂടിയ ഉമ വിത്താണ് ലഭിച്ചത്. നടീലിന് ആറായിരംരൂപ അധികമായി ചെലവാക്കേണ്ട സ്ഥിതിയാണ്. അവസാനഘട്ടത്തിലെത്തുമ്പോൾ വരൾച്ച ബാധിക്കുമോയെന്നും ആശങ്കയുണ്ട്.






