മലയാളത്തിലെ ആദ്യ 300 കോടി ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ ഒടിടിയില്‍ കാണാനുള്ള കാത്തിരിപ്പിന് വിരാമം. ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംങ് ആരംഭിക്കും.
ചിത്രത്തിന്റെ നിര്‍മാതാക്കളായ വേഫെറര്‍ ഫിലിംസ് ചിത്രത്തിന്റെ ഒടിടി പാര്‍ട്ണറായി ഔദ്യോഗികമായി ജിയോ ഹോട്സ്റ്റാറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും വലിയ ശ്രദ്ധയും കളക്ഷനും നേടിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനംചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കല്യാണി പ്രിയദര്‍ശനാണ് നായിക. നസ്ലിന്, സലിംകുമാര്‍, അരുണ്‍ കുര്യന്, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന് എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തു. അഞ്ചുഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. രണ്ടാംഭാഗമായ ‘ലോക: ചാപ്റ്റര്‍ 2’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാംഭാഗത്തിലെ നായകന്.




