കോഴിക്കോട്: രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ഒരു ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ്സുണ്ട്, പക്ഷെ പത്തുദിവസം കഴിഞ്ഞിട്ടും ഇത് നിരത്തിലിറങ്ങിയിട്ടില്ല . എന്ന് ഇറങ്ങുമെന്നോ, എത്ര രൂപയാണ് ടിക്കറ്റ് നിരക്കെന്നോ, ഏത് റൂട്ടിൽ ഓടുമെന്നോ കൃത്യമായി പ്രഖ്യാപിക്കാനും ഇത്രയും ദിവസമായി ട്രാൻസ്പോർട്ട് വകുപ്പിനും സാധിച്ചിട്ടില്ല. ഇതിനെല്ലാം പ്രധാന കാരണമായി പറയുന്നത് റോഡിന് കുറുകേ ഉയരത്തിലുള്ള വിവിധ കേബിളുകളാണ്. വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിൾ എന്നിവ പലയിടത്തും റോഡിൽനിന്ന് അഞ്ചുമീറ്റർ പോലും ഉയരത്തിൽ അല്ലാതെയുണ്ട്. ഡബിൾ ഡക്കർ ബസിന്റെ തുറന്നുകിടക്കുന്ന മുകൾഭാഗത്ത് യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ സെൽഫി എടുക്കുകയോ ചെയ്താൽ ലൈനിൽ തട്ടി അപകടം ഉണ്ടാകുമോ എന്നാണ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ആശങ്ക.വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് ലൈനുകളും കൂടുതൽ ഉയരത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് വകുപ്പ് വൈദ്യുതിവകുപ്പിനും എയർടെൽ, ജിയോ കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ടെങ്കിലും ഏതുവരെയായിട്ടും നടപടികൾ ഉണ്ടായിട്ടില്ല.
ഡബിൾ ഡക്കർ ബസിന് കടന്നുപോകാൻ വഴിയോരത്തെ മരച്ചില്ലകൾ വ്യാപകമായി കഴിഞ്ഞദിവസങ്ങളിൽ മുറിച്ചിരുന്നു. കേബിളുകൾ കൂടി ഉയരം കൂട്ടിമാറ്റിയാൽ മാത്രമേ ഡബിൾ ഡക്കർ കാഴ്ചകൾ കാണാൻ പൊതുജനത്തിന് സൗകര്യം ലഭിക്കൂ. ബസ് ചാർജ് ചെയ്യുന്നതിനുള്ള ഹൈസ്പീഡ് ചാർജർ കഴിഞ്ഞ ദിവസം ബസ് ടെർമിനലിൽ സ്ഥാപിച്ചിരുന്നു. 36 സീറ്റ് മുകളിലും 28 സീറ്റ് താഴെയുമായുള്ള ഈ ഡബിൾ ഡക്കർ ബസ് വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് സർവീസ് നടത്തുക. നഗരക്കാഴ്ചകൾ വിശാലമായി കണ്ടാസ്വദിച്ച് യാത്രചെയ്യാവുന്ന ഈ ബസ് നേരത്തേ തിരുവനന്തപുരത്തും കൊച്ചിയിലും തൃശ്ശൂരിലും മൂന്നാറിലും സർവീസ് നടത്തുന്നുണ്ട്.





