ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുകയോ രാജ്യവ്യാപകമായി ഗോവധനിരോധനം ഏർപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള പദ്ധതികൾ നിലവിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ വിഷയത്തിൽ ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, നിലവിൽ മന്ത്രിസഭയുടെ അജണ്ടയിൽ ഇതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “ഇപ്പോൾ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിൽ അത്തരമൊരു നിർദേശം ഇല്ല. ഭാവിയിൽ അങ്ങനെ ഒരു വിഷയമെത്തുകയാണെങ്കിൽ എല്ലാവരെയും അറിയിച്ച് മാത്രമേ തീരുമാനമെടുക്കൂ,” അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലടക്കം ഗോവധനിരോധനം സംബന്ധിച്ച ചർച്ചകൾ ശക്തമാണെന്നും സർക്കാർ അതറിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം വിഷയങ്ങളിൽ പ്രാദേശിക സാഹചര്യങ്ങളും സാമൂഹിക നിലപാടുകളും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവിധ ഹിന്ദുത്വ സംഘടനകൾ ഗോവധനിരോധനം ആവശ്യപ്പെടുന്നതിനൊപ്പം ചില മുസ്ലിം സംഘടനകളും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ വ്യത്യസ്ത മതസംഘടനകളിൽ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് മതപരമായ സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില മതപണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, സർക്കാർ തലത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.






