തിരുവനന്തപുരം: തിരുവനന്തപുരം നഗരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങളാകും. ഇരു നഗരങ്ങളുടെയും വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ഒരുങ്ങുന്നു. പദ്ധതികൾക്ക് സർക്കാർ അനുമതി ലഭിച്ചു.
മാലിന്യ സംസ്കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധനസമാഹരണം തുടങ്ങിയ മേഖലകളിലാണ് ഇരു നഗരസഭകളും സഹകരിക്കുക. പദ്ധതികൾ നടപ്പാക്കുന്നതിനായി ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ അനുമതി തേടും.
പദ്ധതികൾക്കായി നഗരസഭ ബോണ്ട് പുറത്തിറക്കി പണം കണ്ടെത്താനും തീരുമാനമുണ്ട്. പാർവതി പുത്തനാർ, കരമനയാർ, ആമയിഴഞ്ചാൻ തോട്, കിള്ളിയാർ, ആക്കുളം കായൽ എന്നിവ ശുചീകരിക്കുന്നതിനും സംയുക്ത പദ്ധതികൾ തയ്യാറാക്കും. അഹമ്മദാബാദിന്റെ സഹകരണത്തോടെ മാലിന്യ നിർമാർജന പദ്ധതികളും നടപ്പാക്കും. കൂടാതെ കേന്ദ്ര സർക്കാർ പദ്ധതികൾ തിരുവനന്തപുരത്ത് കൊണ്ടുവരുന്നതിനും ഇരു നഗരങ്ങളും കൈകോർക്കും.


