തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാർ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് കൂടിക്കാഴ്ച നടത്തിയത്.
ഈ മാസം അവസാനത്തോടെ നിയമനങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധാരണയായ ബോർഡുകളിൽ വേഗത്തിൽ നിയമനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയായി. കരാർ ഉപേക്ഷിച്ച സാഹചര്യത്തിൽ വിഷയത്തിൽ പരസ്യമായ ചർച്ചകൾ ഒഴിവാക്കാനാണ് ധാരണ.
വൈദ്യുതി കരാർ വിഷയത്തിൽ മുഖ്യമന്ത്രിയും മന്ത്രി സണ്ണി ജോസഫും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനാണ് മന്ത്രി താൽപര്യം പ്രകടിപ്പിച്ചതെങ്കിൽ ജിഎൻഎ കരാറിനോടായിരുന്നു മുഖ്യമന്ത്രിയുടെ താൽപര്യം. വൈദ്യുതി വകുപ്പിലെ പല തീരുമാനങ്ങളും മുഖ്യമന്ത്രി നേരിട്ടെടുക്കുന്നുവെന്നും ഇക്കാര്യങ്ങൾ മന്ത്രി അറിയുന്നില്ലെന്നുമുള്ള ആക്ഷേപങ്ങളും ഉയർന്നു. ഇരുവരുടെയും പരസ്യ പ്രതികരണങ്ങൾ വിവാദങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി.
ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായ പ്രതികരണങ്ങളാണ് മന്ത്രി നടത്തിയത്. പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി എല്ലാം പറയുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരാർ വേണ്ടെന്ന തീരുമാനത്തിലെത്തിയത്.
കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടതും മന്ത്രിയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ എൻ. പ്രശാന്ത് വൈദ്യുതി മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. കെഎസ്ഇബിയുടെ നിലവിലെ സാഹചര്യം വിശദീകരിച്ച ചെയർമാൻ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. ബോർഡിന്റെ പുതിയ പദ്ധതികളെക്കുറിച്ചും മന്ത്രിക്ക് വിശദീകരണം നൽകി.


