തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടിമലത്തുറ സ്വദേശികളായ ബെനഡിക്ട് (38), നിഷാന്ത (36) എന്നിവർക്കാണ് കടിയേറ്റത്.
റോഡിലൂടെ നടന്നുപോകുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് നായ ഇരുവരെയും ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതിനിടെ, കോട്ടുകാൽ പഞ്ചായത്തിലെ ശ്രീനാരായണപുരം വാർഡിൽ പേവിഷബാധയുള്ള നായയെ കണ്ടെത്തിയത് പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കി. നാട്ടുകാർ നായയെ തല്ലിക്കൊന്നു.
നായ മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ടാകാമെന്ന ആശങ്കയെ തുടർന്ന് പ്രദേശത്ത് പ്രതിരോധ കുത്തിവയ്പ്പ് ശക്തമാക്കി. തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കുന്നതിനായി പ്രത്യേക ഷെൽറ്റർ സംവിധാനം ഒരുക്കാനും പഞ്ചായത്ത് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം വക്കത്തും തെരുവുനായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. കല്ലറ മുതുവിളയിലും സമീപ പ്രദേശങ്ങളിലുമായി മൂന്ന് പേർക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.












