പാലക്കാട്: പവർകട്ടിനിടെ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാലക്കാട് വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷാണ് ലിഫ്റ്റിൽ കുടുങ്ങിയത്. വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ പരിശീലനം കഴിഞ്ഞ് ലിഫ്റ്റിൽ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് പെട്ടെന്ന് വൈദ്യുതി പോയത്.
ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദം വെച്ചതോടെയാണ് സമീപത്തുള്ളവർ വിവരം അറിഞ്ഞത്. ഏകദേശം ഒരു മണിക്കൂറോളം യുവാവ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. പിന്നീട് വൈദ്യുതി വന്നെങ്കിലും ലിഫ്റ്റിന്റെ വാതിൽ തുറന്നില്ല. ഇതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വടക്കഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തി ലിഫ്റ്റ് തുറന്ന് മഹേഷിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.


