തിരുവനന്തപുരം: കേരളം പവർകട്ടിൽ വലയുമ്പോഴും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് വൈദ്യുതി മുടങ്ങാറില്ലെന്ന ആരോപണം ശക്തമാകുന്നു. ക്ലിഫ് ഹൗസിനോട് ചേർന്ന് താമസിക്കുന്ന ഏതാനും വീടുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തൽ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി നിരവധി തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ക്ലിഫ് ഹൗസ് പരിസരം ഇരുട്ടിലായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എപ്പോൾ വൈദ്യുതി പോകുമെന്നോ എത്രനേരം നിയന്ത്രണം തുടരുമെന്നോ വ്യക്തമാകാത്ത സാഹചര്യത്തിലാണ് ജനങ്ങൾ ബുദ്ധിമുട്ടുന്നത്. എന്നാൽ ക്ലിഫ് ഹൗസിലേക്കുള്ള ഫീഡർ വൈദ്യുതി നിയന്ത്രണത്തിനായി ഓഫ് ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ക്ലിഫ് ഹൗസിനോട് ചേർന്നുള്ള വീടുകളിലേക്കുള്ള രണ്ട് ഫീഡറുകളും ഇതുവരെ ഓഫ് ചെയ്തിട്ടില്ലെന്നാണ് വിവരം.
ഇന്നലെ രാത്രി 10.55ഓടെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന സന്ദേശം പ്രദേശവാസികൾക്ക് ലഭിച്ചിരുന്നെങ്കിലും സന്ദേശം ലഭിച്ചതിന് ശേഷവും ക്ലിഫ് ഹൗസ് പരിസരത്ത് വൈദ്യുതി മുടങ്ങിയില്ലെന്നാണ് ചില പ്രദേശവാസികൾ പറയുന്നത്. സാധാരണക്കാർ മണിക്കൂറുകളോളം വൈദ്യുതി മുടക്കം നേരിടുമ്പോൾ മുഖ്യമന്ത്രിയോ വൈദ്യുതി മന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന വിമർശനവും ഇതോടെ ഉയരുകയാണ്.
ക്ലിഫ് ഹൗസ് പരിസരത്തിന് പുറത്തുള്ള മന്ത്രി മന്ദിരങ്ങളിൽ വൈദ്യുതി മുടങ്ങുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇൻവെർട്ടർ സംവിധാനമുള്ളതിനാൽ പൂർണമായും ഇരുട്ടിലാകാറില്ല. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണ് പ്രധാന ബുദ്ധിമുട്ടെന്നാണ് പറയുന്നത്.
അതേസമയം, ക്ലിഫ് ഹൗസിന് ലഭിക്കുന്ന പ്രത്യേക പരിഗണന സംബന്ധിച്ച വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ശക്തമായതിന് പിന്നാലെ സംവിധാനം പുനഃക്രമീകരിക്കാനുള്ള നീക്കം നടക്കുന്നതായാണ് വിവരം. ക്ലിഫ് ഹൗസിലേക്ക് മാത്രമായി പ്രത്യേക ഫീഡർ മാറ്റിനിർത്താനുള്ള സംവിധാനത്തിലേക്ക് മാറുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് നടപ്പായാൽ ക്ലിഫ് ഹൗസ് പരിസരത്തെ മറ്റ് വീടുകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയും ക്ലിഫ് ഹൗസിൽ മാത്രം വൈദ്യുതി മുടങ്ങാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.
ക്ലിഫ് ഹൗസിലേക്ക് മാത്രമായി പ്രത്യേക ഫീഡർ നിലവിലുണ്ടെന്നാണ് വിവരം. അതേസമയം, ഇന്നലെ നന്ദൻകോട് മേഖലയിലെ ഏതാനും വീടുകളിൽ മാത്രം ഏകദേശം ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു.


