Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒറ്റമഴയിൽ നഗരം മുങ്ങിയപ്പോൾ മേയർ ഗോവയിൽ, വി.വി. രാജേഷിനെതിരെ പ്രതിപക്ഷ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ മേയർ വി.വി. രാജേഷിനെതിരെ പ്രതിപക്ഷം രംഗത്ത്. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്താത്തതാണ് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തിൽ അടിയന്തര ഇടപെടലുമായി മേയർ ഹെൽത്ത് സർക്കിൾ യോഗം വിളിച്ചു.

വെള്ളക്കെട്ടുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിനായി രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. ഗോവയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന മേയർ യാത്ര വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂറോളം പെയ്ത ശക്തമായ മഴയിലാണ് നഗരത്തിന്റെ ഹൃദയഭാഗങ്ങളിലടക്കം വെള്ളം കയറിയത്. ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിലായതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കാൽനടയാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും വലിയ ദുരിതത്തിലായി.

ശുചീകരണ തൊഴിലാളികളും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ചേർന്ന് അടഞ്ഞുപോയ ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളം ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഒന്നര മണിക്കൂറിനിടെ 91 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്.

ചാറ്റൽമഴ പെയ്താൽ പോലും ഓടകൾ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ ആരോപിച്ചു. ഓടകൾക്ക് ആവശ്യമായ ആഴമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

അതേസമയം, ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. നഗരത്തിലെ വെള്ളക്കെട്ടിനെ പരിഹസിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. നഗരത്തിൽ വള്ളമിറക്കുന്നതാണോ ബിജെപി മുന്നോട്ടുവെച്ച വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇത് ബ്ലൂ പ്രിന്റല്ല, ‘ബ്ലും പ്രിന്റ്’ ആണെന്നും ശിവൻകുട്ടി പരിഹസിച്ചു.

മാലിന്യം നീക്കം ചെയ്യാൻ പൊലീസിന് ഇറങ്ങേണ്ട സാഹചര്യമുണ്ടായതിനെ മുൻ മേയർ വി.കെ. പ്രശാന്തും വിമർശിച്ചു. കോർപ്പറേഷന്റെ ഉത്തരവാദിത്തം എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇൻഡോർ മാതൃകയും ബ്ലൂ പ്രിന്റും സംബന്ധിച്ച പ്രഖ്യാപനങ്ങൾ മാറ്റിവെച്ച് നഗരത്തിലെ ഓടകളും മറ്റും കൃത്യസമയത്ത് വൃത്തിയാക്കാൻ ശ്രമിക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു.

ബിജെപിയുടെ വികസിത അനന്തപുരി ഇതാണോയെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥനും ചോദിച്ചു. നഗരത്തിലെ വെള്ളക്കെട്ടിനും ഇതുമൂലമുണ്ടായ നാശനഷ്ടങ്ങൾക്കും അസൗകര്യങ്ങൾക്കും പ്രധാന ഉത്തരവാദിത്തം ബിജെപി ഭരിക്കുന്ന കോർപ്പറേഷനാണെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും വീണ്ടും ചർച്ചയാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix