തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിന് പിന്നാലെ ജനങ്ങളോടും പ്രവർത്തകരോടും നന്ദി അറിയിച്ച് കെ.സി. വേണുഗോപാൽ. ഓരോ പ്രവർത്തകനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും, പത്ത് വർഷത്തെ തുടർച്ചയായ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തകർ വ്യാജകേസുകളും മർദ്ദനങ്ങളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടുവെങ്കിലും ആത്മവിശ്വാസം കൈവിടാതെ മുന്നേറിയതിന്റെ ഫലമാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് വേണുഗോപാൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ വലിയ തരംഗം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെന്നും, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന പ്രവചനം ശരിവെക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധർമ്മടത്തിലെ ഫലത്തെ ‘സാങ്കേതിക വിജയം’ മാത്രമായി വിശേഷിപ്പിച്ച വേണുഗോപാൽ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും യുഡിഎഫ് മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചുവെന്ന് പറഞ്ഞു. യുഡിഎഫ് പ്രവർത്തകരാണ് ഈ വിജയത്തിന്റെ യഥാർത്ഥ താരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മതേതര നിലപാടുകൾക്ക് ജനങ്ങൾ പിന്തുണ നൽകിയ തെരഞ്ഞെടുപ്പാണിതെന്നും വാമനപുരത്തും തവനൂരിലും അതിന്റെ തെളിവ് കാണാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുമായി ധാരണയ്ക്കായി സിപിഎം ശ്രമിച്ചതിനെതിരെ അവരുടെ സ്വന്തം അണികളിൽ നിന്നു പോലും പ്രതികരണം ഉണ്ടായതായും വേണുഗോപാൽ ആരോപിച്ചു.
ജനവിധി വിനയത്തോടെ സ്വീകരിക്കുന്നുവെന്നും, യുഡിഎഫിനെ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നീതി ലഭ്യമാകുന്ന, യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഭരണമായിരിക്കും മുന്നോട്ടുവയ്ക്കുന്നതെന്നും വ്യക്തമാക്കി.
ഇത് വ്യക്തികളുടെ വിജയമല്ല, കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും, ഭിന്നിപ്പിക്കാൻ ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും ഐക്യത്തോടെ അതിനെ മറികടന്നുവെന്നും വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിക്ക് നിശ്ചിത നടപടിക്രമങ്ങളുണ്ടെന്നും, ഉടൻതന്നെ തീരുമാനങ്ങൾ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.




