കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യം പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ മുഖേന അവധി ആവശ്യപ്പെട്ടതിനാണ് വിമർശനം. ഇത് സംസ്ഥാനത്തെ ഉന്നത കോടതിയാണെന്നും വില്ലേജ് ഓഫീസല്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമിനാണ് കോടതിയുടെ വിമർശനം നേരിടേണ്ടിവന്നത്. ഇത്തരം നടപടി ആവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കുകയോ പിഴ ചുമത്തുകയോ ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ തീരുമാനമെടുത്ത വിവരം കോടതിയെ അറിയിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്. പരാതിക്കാരനെ കേട്ട ശേഷം മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി നിർദേശം. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തിയത്.
അതേസമയം, എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരനായ ദിപിൻ എടവനയോട് ഹൈക്കോടതി നിർദേശിച്ചു.
മുൻകൂട്ടി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളിലാണ് ഹർജിക്കാരൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. യൂണിഫോം ധരിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തത്, ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.


