കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സിഗരറ്റ് കടത്താൻ ശ്രമിച്ച സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. സംഭവത്തിൽ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ശുചീകരണ തൊഴിലാളിയും അറസ്റ്റിലായി.
വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളിലേക്കുള്ള പ്രവേശനാനുമതി ദുരുപയോഗം ചെയ്ത് സിഗരറ്റ് കടത്ത് നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരിശോധനയ്ക്കിടെ 31 കാർട്ടൺ സിഗരറ്റുകളുമായി ഒരു ബംഗ്ലാദേശി ശുചീകരണ തൊഴിലാളിയെ ആദ്യം പിടികൂടുകയായിരുന്നു.
തുടർന്നുള്ള ചോദ്യംചെയ്യലിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നത്. വിദേശ യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സിഗരറ്റുകൾ വാങ്ങാൻ ഒരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ബാങ്ക് കാർഡും വർക്ക് പെർമിറ്റും നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.
മറ്റൊരു കസ്റ്റംസ് ഇൻസ്പെക്ടർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കി സിഗരറ്റുകൾ ട്രാൻസിറ്റ് ഏരിയ വഴി പുറത്തേക്ക് കടത്താനും പിന്നീട് സ്വകാര്യ വാഹനത്തിൽ വിമാനത്താവളത്തിന് പുറത്തേക്ക് എത്തിക്കാനും സഹായിച്ചതായും അധികൃതർ വ്യക്തമാക്കി.
പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






