ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത നടൻ ജയ് നടത്തിയ പ്രതികരണം ശ്രദ്ധേയമായി. സിനിമയിൽ താൻ നിലനിൽക്കാൻ പ്രധാന കാരണം വിജയ് ആണെന്നും അദ്ദേഹത്തോടുള്ള കടപ്പാട് അറിയിക്കാനാണ് ചടങ്ങിൽ എത്തിയതെന്നും ജയ് പറഞ്ഞു. വിജയ് മുഖ്യമന്ത്രിയാകുമെന്ന വിജയം താൻ ഏറെ മുൻപേ മനസിൽ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഭരണമാണ് അടുത്ത അഞ്ച് വർഷം ഉണ്ടാകുകയെന്ന് ആത്മവിശ്വാസമുണ്ടെന്നും ജയ് വ്യക്തമാക്കി.
“വിജയ് പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നടപ്പാക്കും. വാഗ്ദാനങ്ങൾ എല്ലാം പാലിക്കും. തമിഴ്നാട് നല്ല വഴിയിലൂടെ മുന്നോട്ട് പോകും” എന്നും ജയ് പറഞ്ഞു. ദിവസങ്ങളായുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.






