അമേരിക്കയിലെ മിനസോട്ടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്ന കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ സന്നദ്ധ സംഘടന ഭാരവാഹികൾക്കെതിരെ നിയമനടപടി. ‘വി പുഷ് ഫോർ പീസ്’ എന്ന എൻജിഒയുടെ ഡയറക്ടർമാരായ ട്രഹേൺ പൊള്ളാർഡിനും ജാക്ലിൻ മക്ഗുയിഗനും എതിരെയാണ് മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ സിവിൽ കേസ് ഫയൽ ചെയ്തത്.
സർക്കാർ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്, അക്രമ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി നൽകിയ കരാറുകളിലൂടെ ലഭിച്ച ഏകദേശം 6.5 മില്ല്യൺ ഡോളർ — ഇന്ത്യൻ രൂപയിൽ 61 കോടിയിലധികം — സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. ഈ തുക ഉപയോഗിച്ച് ലാസ് വെഗാസിലേക്കുള്ള വിനോദയാത്രകളും ആഡംബര വാഹനങ്ങളുടെ വാങ്ങലും നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ട്രഹേൺ പൊള്ളാർഡ് ചാരിറ്റി ഫണ്ടിൽ നിന്ന് തന്റെ കാർ ഡീലർഷിപ്പിലേക്കും മദ്യശാലയിലേക്കും പണം മാറ്റിയതായും റിപ്പോർട്ടുണ്ട്. വ്യക്തിപരമായ ടാക്സ് കുടിശ്ശിക തീർക്കാനും ചൈൽഡ് സപ്പോർട്ട് നൽകാനും ഫണ്ട് ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. സംഘടനയുടെ ട്രഷററായിരുന്ന ജാക്ലിൻ മക്ഗുയിഗൻ ആഴ്ചതോറും 1,000 ഡോളർ വീതം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു.
അഡ്മിനിസ്ട്രേറ്റീവ് ചെലവെന്ന പേരിൽ സർക്കാർ ഗ്രാന്റുകളിൽ നിന്ന് വൻതുക കൈക്കലാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ പൊള്ളാർഡ് വ്യാജ രേഖകൾ സമർപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. വ്യക്തിപരമായ ചെലവുകൾ ‘ഓവർഹെഡ് എക്സ്പെൻസ്’ എന്ന പേരിലും, സുഹൃത്തുകൾക്ക് നൽകിയ 35,000 ഡോളർ ‘ജീവനക്കാരുടെ ശമ്പളം’ എന്ന പേരിലുമാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.
“സമൂഹത്തെ സഹായിക്കേണ്ട പണം സ്വന്തം ആവശ്യങ്ങൾക്കായി കവർന്നെടുക്കുകയായിരുന്നു ഇവർ ചെയ്തത്,” എന്നാണ് അറ്റോർണി ജനറൽ കീത്ത് എലിസന്റെ പ്രതികരണം. വൻതുക ലഭിച്ചിട്ടും, നഗരസഭ ആവശ്യപ്പെട്ട പ്രധാന സുരക്ഷാ ദൗത്യത്തിൽ പോലും സംഘടന ഫലപ്രദമായി പ്രവർത്തിക്കാനായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.






