കുമളി: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 57 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ഇടുക്കിക്കാരായ മുഹമ്മദ് ജിസാസ്, ആസാദ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. തേനി ജില്ലയിലെ കമ്പം ബൈപ്പാസിലുള്ള മണികട്ടി ആലമരത്തിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.
കേരളത്തിൽ നിന്നുള്ള ചിലർ കഞ്ചാവ് കടത്തുമായി ബന്ധപെട്ട് എത്തിയിട്ടുള്ളതായി നോർത്ത് പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘം പിടിയിലായത്.
ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽക്കാൻ കൊണ്ടുവരുകയായിരുന്നു ഇവർ. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാൻ്റ് ചെയ്തു.






